കാട്ടാക്കട : നിറം മങ്ങിയ വിദ്യാലയ ജീവിതത്തിന്റെ ഓർമ്മകൾക്ക് വർണ്ണങ്ങൾ ചാർത്തി 95 പൂർവ്വ വിദ്യാർത്ഥികൾ ഒത്തു കൂടുന്നു. മങ്ങിത്തുടങ്ങിയ ഓർമകളുടെ ചുവരിൽ കാലങ്ങൾക്കപ്പുറത്തെ ബാല്യത്തിലെ വർണ്ണങ്ങൾ പെയ്തിറങ്ങിയ ദിനങ്ങൾ ഒന്നുകൂടി പകർത്തുവാൻ ഫെബ്രുവരി 11 ന് ശനിയാഴ്ച രാവിലെ പത്തു മണിക്ക് പൂവച്ചൽ സർക്കാർ ഹൈസ് സ്കൂൾ (വൊക്കേഷണൽ ഹയർ സെക്കന്ററി) അങ്കണത്തിൽ ചേരുന്ന പൂർവ്വ വിദ്യാർത്ഥി സംഗമം വേറിട്ട അനുഭവമാക്കാനുള്ള ഒരുക്കത്തിലാണ് പഴയ ചങ്ങാതിമാർ.
പലരും പഠിച്ചിറങ്ങിയ ശേഷം ആദ്യമായാണ് പൂർവ്വ വിദ്യർത്ഥി സംഗമത്തിന് വിദ്യാലയത്തിലേക്ക് വീണ്ടും എത്തുന്നത്. ചരൽ വിരിച്ച മുറ്റത്തെ അവസാന അധ്യായനനാളും കഴിഞ്ഞു പടിയിറങ്ങിയതിന് ശേഷം പതിറ്റാണ്ടുകൾക്കിപ്പുറത്ത് കാലം കാത്തുവെച്ച ഈ ഓർമ്മനാളിനെ ഒന്നായ് ആഘോഷിക്കാൻ ഒത്തുചേരുന്നത്. സംഗമത്തിൽ അന്നു പഠിപ്പിച്ച അദ്ധ്യാപകരേയും ചടങ്ങിൽ ആദരിക്കും എന്ന് സംഘാടകർ അറിയിച്ചു.