വാമനപുരം : വാടക കെട്ടിടം കേന്ദ്രീകരിച്ച് ചാരായം വാറ്റ് നടക്കുന്നു എന്ന് വാമനപുരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജി. മോഹൻ കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ചാരായവും വാറ്റുപകരങ്ങളുമായി ഒരാൾ പിടിയിലായി. പാങ്ങോട്, ഭരതന്നൂർ, മാറനാട് സിജി മന്ദിരത്തിൽ 45 വയസ്സുള്ള കള്ളനോട്ട് സാബു എന്ന് വിളിക്കുന്ന ഷാബുവിനെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്.
ഭരതന്നൂർ നെല്ലിക്കുന്ന് ഗവൺമെന്റ് എൽ.പി സ്കൂളിന് എതിർവശം അനിൽ കുമാറിന്റെ വക കെട്ടിടം വാടകക്ക് എടുത്തായിരുന്നു ചാരായവറ്റ് നടത്തിവന്നത്. ഇവിടെനിന്നും ഒന്നര ലിറ്റർ ചാരായവും 105 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ രണ്ടാഴ്ചയായി ഈ സ്ഥലം എക്സൈസ് നിരീക്ഷണത്തിലായിരുന്നു. അസമയങ്ങളിൽ ഈ കെട്ടിടത്തിൽ വച്ച് ചാരായ വാറ്റ് നടത്തിയശേഷം അതിരാവിലെ ആവശ്യക്കാർക്ക് എത്തിച്ചു നൽകുകയാണ് പ്രതി ചെയ്തിരുന്നത്. ഒരു ലിറ്റർ ചാരായത്തിന് 1500 രൂപ നിരക്കിലാണ് വിൽപ്പന നടത്തി വന്നത്. കാട്ടു പന്നിയെ വേട്ടയാടികൊന്നു മാംസവില്പന നടത്തിയതിന് 2 വർഷം മുമ്പ് ഷാബുവിനെ പാലോട് ഫോറസ്റ്റ് അറസ്റ്റ് ചെയ്തു കേസെടുത്തിട്ടുള്ളതാണ്.
എക്സൈസ് പ്രിവന്റീവ് ഓഫീസർ പി. ഡി. പ്രസാദിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർ ഷാജി , സിവിൽ എക്സൈസ് ഓഫീസർമാരായ വിഷ്ണു. എം.എസ്, അർജുൻ വനിത സിവിൽ എക്സൈസ് ഓഫീസർ ലിജി ഡ്രൈവർ സലിം എന്നിവരടങ്ങിയ സംഘമാണ് പരിശോധനകൾക്ക് പങ്കെടുത്തത്. കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാന്റു ചെയ്തു.