തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി അതിജീവിക്കുന്നതിന് ടൂറിസം മേഖലയിലെ ജീവനക്കാർക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ റിവോൾവിംഗ് ഫണ്ടിന് അപേക്ഷിക്കാനുള്ള ഓൺലൈൻ പോർട്ടലിൻറെ ഉദ്ഘാടനം ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. ടൂറിസം മേഖലയിൽ തൊഴിലെടുക്കുന്നവർക്ക് 10,000 രൂപ വരെ ഈടും പലിശയും ഇല്ലാതെ വായ്പ നൽകുന്നതാണ് പദ്ധതി.
കോവിഡ് പ്രതിസന്ധി ടൂറിസം മേഖലയിൽ തൊഴിലെടുക്കുന്നവരെ പ്രത്യക്ഷമായും പരോക്ഷമായും സാരമായി ബാധിച്ചിട്ടുണ്ടെന്നും അവർക്ക് ഏറെ സഹായകമാകുന്നതായിരിക്കും ഈ വായ്പാ പദ്ധതിയെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും ഈ മാതൃകയിൽ ഒരു റിവോൾവിംഗ് ഫണ്ട് പദ്ധതി പ്രഖ്യാപിച്ചിട്ടില്ല.
കാരവൻ ടൂറിസം പോലെ കൂടുതൽ നൂതന പദ്ധതികൾ ടൂറിസം വകുപ്പ് ആലോചിച്ചുവരികയാണ്. പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ കണ്ടെത്തി സഞ്ചാരികളെ ആകർഷിക്കുന്നതിനായുള്ള ടൂറിസം വകുപ്പിൻറെ ശ്രമങ്ങളുടെ ഭാഗമായി സാംസ്കാരിക വകുപ്പുമായി ചേർന്ന് സിനിമാ ടൂറിസത്തിൻറെ സാധ്യതകൾ തേടും. ശ്രദ്ധേയങ്ങളായ മലയാള സിനിമകളുടെ ഷൂട്ടിംഗ് നടന്ന സ്ഥലങ്ങൾ ആളുകൾക്ക് കൗതുകമുളവാക്കുന്നവയാണ്. പ്രകൃതിരമണീയമായ ഒട്ടേറെ സ്ഥലങ്ങൾ സിനിമയുടെ ഭാഗമായിട്ടുണ്ട്. ചില സ്ഥലങ്ങൾ സിനിമയുടെ പേരിൽ തന്നെയാണ് അറിയപ്പെടുന്നത്. ഇത്തരം സ്ഥലങ്ങൾ വിനോദസഞ്ചാര പ്രദേശങ്ങളായി അടയാളപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. സംസ്ഥാനത്തെ 14 ജില്ലകളിലും ഇതിൻറെ സാധ്യത തേടും. ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ സാംസ്കാരിക വകുപ്പുമായി വരുംദിവസങ്ങളിൽ ചർച്ചചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മാസ്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ വി.കെ. പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു. ടൂറിസം ഡയറക്ടർ വി.ആർ. കൃഷ്ണതേജ, കൗൺസിലർ ഡോ.റീന കെ.എസ്, സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷൻ കോ-ഓർഡിനേറ്റർ കെ.രൂപേഷ്കുമാർ, കേരള ട്രാവൽ മാർട്ട് സൊസൈറ്റി പ്രസിഡൻറ് ബേബി മാത്യു എന്നിവർ സംബന്ധിച്ചു.
റിവോൾവിംഗ് ഫണ്ട് പദ്ധതിയെ കേവലം ഒരു സഹായമായല്ല, ടൂറിസം മേഖലയിലേക്ക് തിരിച്ചുവരാൻ തൊഴിലാളികൾക്കുള്ള പ്രചോദനമായാണ് കാണേണ്ടതെന്ന് മുഖ്യപ്രഭാഷണത്തിൽ ടൂറിസം അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.വേണു വി. പറഞ്ഞു. നൂലാമാലകളെല്ലാം ഒഴിവാക്കിയാണ് പദ്ധതിക്കായുള്ള അപേക്ഷാരീതി രൂപപ്പെടുത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തുടനീളം ആയിരക്കണക്കിന് പേർക്ക് തൊഴിൽ നൽകുന്ന ടൂറിസം വ്യവസായത്തെ കോവിഡ് പ്രതിസന്ധിയിൽ നിന്ന് പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതികളുടെ ഭാഗമായിട്ടാണ് സംസ്ഥാന സർക്കാർ റിവോൾവിംഗ് ഫണ്ട് രൂപീകരിച്ചത്. തുടക്കത്തിൽ പത്ത് കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. സ്കീമിന് കീഴിൽ ഗുണഭോക്താക്കൾക്ക് ഈട് നൽകാതെ 10,000 രൂപ വരെ വായ്പ ലഭിക്കും. ഒരു വർഷത്തെ മൊറട്ടോറിയം കാലാവധി കഴിഞ്ഞ് രണ്ട് വർഷത്തിനകം വായ്പ തിരിച്ചടയ്ക്കണം.
താൽപ്പര്യമുള്ളവർ പേര്, ഇമെയിൽ ഐഡി, വിലാസം, ഫോൺ നമ്പർ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, ലോഗിൻ വിശദാംശങ്ങൾ എന്നിവ ഉൾപ്പെടെ ആവശ്യമായ വിവരങ്ങൾ നൽകി www.keralatourism.org/revolving-fund എന്ന പോർട്ടൽ വഴി രജിസ്റ്റർ ചെയ്ത് അപേക്ഷിക്കണം.
ഗുണഭോക്താക്കൾ കേരള ട്രാവൽ മാർട്ട് സൊസൈറ്റിയുടെയോ ടൂറിസവുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും അംഗീകൃത സംഘടനയുടെയോ അംഗത്വമുള്ള സ്ഥാപനത്തിലായിരിക്കണം ജോലി ചെയ്യേണ്ടത്. ജീവനക്കാർ എടുത്ത വായ്പകൾ തിരിച്ചടയ്ക്കുമെന്ന് ഈ സ്ഥാപനം ഉറപ്പാക്കും. ഇതുമായി ബന്ധപ്പെട്ട് കേരള ട്രാവൽ മാർട്ട് സൊസൈറ്റി ഉൾപ്പെടെയുള്ള അഞ്ചോളം സന്നദ്ധ സംഘടനകൾ അടുത്തിടെ ടൂറിസം വകുപ്പുമായി കരാറിൽ ഏർപ്പെട്ടിരുന്നു.
ട്രാവൽ ഏജൻസികൾ, ടൂറിസ്റ്റ് ടാക്സി സർവീസുകൾ, ഹൗസ്ബോട്ടുകൾ, ഷിക്കാര ബോട്ടുകൾ, ഹോട്ടലുകൾ, റിസോർട്ടുകൾ, റസ്റ്റോറൻറുകൾ, സർവീസ് വില്ലകൾ, ടൂറിസ്റ്റ് ഫാമുകൾ, ആയൂർവേദ സ്പാകൾ, അഡ്വഞ്ചർ ടൂറിസം സംരംഭങ്ങൾ, ഉത്തരവാദിത്ത ടൂറിസം മിഷൻറെ കീഴിലുള്ള മൈക്രോ യൂണിറ്റുകൾ, ലൈസൻസുള്ള ടൂർ ഗൈഡുമാർ, കലാ, ആയോധന കലാ സംഘങ്ങൾ തുടങ്ങി ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് തൊഴിലെടുക്കുന്നവരെ സഹായിക്കുന്നതിനാണ് റിവോൾവിംഗ് ഫണ്ടിലൂടെ ലക്ഷ്യമിടുന്നത്.
അപേക്ഷകൾ പരിശോധിക്കുന്നതിനും വായ്പ അനുവദിക്കുന്നതിനുമായി ടൂറിസം ഡയറക്ടർ ചെയർമാനും ഉത്തരവാദിത്ത ടൂറിസം മിഷൻ കോ ഓർഡിനേറ്റർ കൺവീനറുമായി ടൂറിസം മേഖലയിലെ വ്യാപാര സംഘടനകളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പാനലിന് സംസ്ഥാന സർക്കാർ രൂപം നൽകിയിട്ടുണ്ട്.