തിരുവനന്തപുരം : ഓൺലൈൻ ക്ലാസ്സിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് അശ്ലീലസന്ദേശം അയച്ച രണ്ട് യുവാക്കളെ പോലീസ് പിടികൂടിയതായി ഐജിപിയും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു.
കടകമ്പള്ളി ലക്ഷം വീട്ടിൽ അഖിൽ (22), മുട്ടത്തറ ശിവകൃപ അരമണ വീട്ടിൽ സുജിത്ത് (29) എന്നിവരെയാണ് പേട്ട പൊലീസ് അറസ്റ്റ് ചെയ്തത്.
ഒരുവാതിൽക്കോട്ട സ്വദേശിനിയായ പെൺകുട്ടിയെ ഓൺലൈൻ ക്ലാസ്സിനിടയിൽ വാട്സാപ്പ്, ഇൻസ്റ്റഗ്രാം എന്നിവ വഴി പരിചയപ്പെട്ട പ്രതികൾ പെൺകുട്ടിയ്ക്ക് നിരന്തരം അശ്ലീലസന്ദേശങ്ങൾ അയയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവരികയായിരുന്നു. പെൺകുട്ടിയുടെ പേട്ട പോലീസിൽ നൽകിയ പരാതിയെ തുടർന്ന് ഒളിവിൽ പോയ പ്രതികളെ പിടികൂടാൻ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഒളിസങ്കേതത്തിൽ നിന്നും പ്രതികളെ പിടികൂടിയത്.
ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണർ വൃഥ്വിരാജിന്റെ നേതൃത്വത്തിൽ പേട്ട എസ്.എച്ച്.ഒ റിയാസ് രാജ, എസ്.ഐ-മാരായ രതീഷ്, സുനിൽ, സിപിഒ മാരായ രാജാറാം, ഷമി, വിനോദ് എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.