വർക്കല : വർക്കല ക്ലിഫിൽ മാംഗോ റിസോർട്ടിൽ താമസിച്ചു വന്നിരുന്ന കൊല്ലം തഴുത്തല യിൽ പുതുച്ചിറ ഷെമീന മനസ്സിൽ ഷഫീഖിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ അവസാന പ്രതിയെയും വർക്കല പോലീസ് അറസ്റ്റ് ചെയ്തു . കൊല്ലം കൂട്ടിക്കടയിൽ പെരുമണ്ണത്തൊടി വീട്ടിൽ ഷറഫുദ്ദീന്റെ മകൻ അച്ചു എന്ന് വിളിക്കുന്ന അഷറഫുദ്ദീൻ(21) ആണ് അറസ്റ്റിലായത്.
2020 ഡിസംബർ 11 നാണ് കേസിനാസ്പദമായ സംഭവം നടന്നത് . ഷഫീക്ക് താമസിച്ചു വന്നിരുന്ന വർക്കല ക്ലിഫിലെ മംഗോ റിസോർട്ടിൽ കയറി ദേഹമാസകലം വടിവാളിന് വെട്ടിയും, ചുറ്റികയ്ക് കാൽമുട്ട് അടിച്ചുപൊട്ടിച്ചത്തിനു ശേഷം വലിച്ചിഴച്ചു, കാറിൽ കൊല്ലം കിളികൊല്ലൂർ ചെന്താപ്പൂർ എന്ന സ്ഥലത്ത് കൊണ്ടുപോയി കെട്ടിയിട്ട് മർദ്ദിച്ച ശേഷം, മരിച്ചുവെന്ന് കരുതി കൊല്ലം പരവൂർ പോളച്ചിറ ഏലായിൽ ഉപേക്ഷിക്കുക യായിരുന്നു. പരിക്കേറ്റ ഷെഫീക്കും, ഈ കേസ്സി ലെ ഒന്നാം പ്രതിയും ,കൊല്ലം സ്വദേശിയും നിരവധി കേസുകളിലെ പ്രതിയുമായ അജിംഷായും തമ്മിൽ കാർ വാടകയ്ക്ക് എടുത്തത് സംബന്ധിച്ച വിഷയമാണ് സംഘർഷത്തിലേക്ക് നയിച്ചത്.
കഴിഞ്ഞ ജനുവരി 9ന് പ്രതികളായ കൊള്ളി നിയാസ് ,മുഹമ്മദ് അസ്ലം ,നവാസ് ,സഞ്ജു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു .അതിനു ശേഷം ഒന്നാം പ്രതിയായ അജിംഷായെയും പിന്നീട് പൊടിമോൻ എന്നുവിളിക്കുന്ന നൗഫൽ,സമീർ എന്നിവരെയും പോലീസ് പിടികൂടിയിരുന്നു. അന്ന് ഒളിവിൽ പോയ അഷറഫുദ്ദീൻ ആണ് ഇപ്പോൾ പിടിയിലായത്. കേസിലെ മുഴുവൻ പ്രതികളും അറസ്റ്റിലായതായി വർക്കല പോലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.