പാറശാല : ബൈക്കിലെത്തിയ സംഘം പച്ചക്കറി കച്ചവടം നടത്തുകയായിരുന്ന സ്ത്രീയുടെ കണ്ണിൽ മുളക്പ്പൊടി എറിഞ്ഞ ശേഷം മാല കവർന്ന് കടന്നു കളഞ്ഞു. ആറയൂർ എ ജി ചർച്ചിനു സമീപത്തെ പുതുവൽപുത്തൻ വീട്ടിൽ ഇന്ദിര (52) ന്റെ മാലയാണ് കവർന്നത്. ഇന്ന് ഉച്ചയോടെ വീടിനു സമീപം പച്ചക്കറി കച്ചവടം നടത്തുന്നതിനിടെയാണ് സംഭവം.
പച്ചക്കറി വാങ്ങാന്നെ വ്യാജേന ബൈക്കിലെത്തിയ രണ്ടംഗ സംഘം ഇന്ദിരയുടെ കണ്ണിൽ മുളകുപൊടി വിതറുകയായിരുന്നു. ബൈക്കിലെത്തിയ യുവാക്കൾ ഹെൽമറ്റും മാസ്കും ധരിച്ചിരുന്നതിനാൽ ഇവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. പച്ചക്കറി കടയുടെ സമീപത്തുള്ള സഹകരണബാങ്കിലെ സിസിടിവി ക്യാമറയിൽ ഇവരുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. വീട്ടമ്മയുടെ നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാർ ഇവരെ ആശുപത്രിയിലേക്ക് മാറ്റി. പാറശാല പോലീസ് കേസടുത്ത് അന്വേഷണം ആരംഭിച്ചു .