തിരുവനന്തപുരം : എസ് എ ടി ആശുപത്രിയിലെ ഇൻ ഹൗസ് ഡ്രഗ് ബാങ്കിൽ 2250 തെർമൽ സ്കാനർ കൂടിയെത്തി. സർക്കാർ, അർദ്ധ സർക്കാർ മാത്രമല്ല, സ്വകാര്യ സ്ഥാപങ്ങളിലേയ്ക്കും ഇനി മുതൽ ഇവിടെ നിന്നും സ്കാനറുകൾ ലഭ്യമാകും.
കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ തെർമൽ സ്കാനർ അഥവാ ഇൻഫ്രാറെഡ് തെർമോമീറ്റർ വിതരണത്തിനായി രണ്ടാം തവണയാണ് ചൈനയിൽ നിന്നും എസ് എ ടി ഇൻ ഹൗസ് ഡ്രഗ് ബാങ്കിലെത്തുന്നത്. രണ്ടാഴ്ച മുമ്പാണ് കോവിഡ് 19 ന്റെ പ്രാഥമിക പരിശോധന ഉൾപ്പെടെ ശരീരോഷ്മാവ് അളക്കുന്ന ആയിരം ഇൻഫ്രാറെഡ് തെർമോമീറ്ററുകൾ ആദ്യമായി ഡ്രഗ് ബാങ്കിലെത്തുന്നത്.
ആദ്യ ഘട്ടത്തിൽ സ്വകാര്യ സ്ഥാപനങ്ങളൊഴികെയുള്ള സർക്കാർ ആശുപത്രികൾക്കും മറ്റ് കേന്ദ്ര-സംസ്ഥാന സ്ഥാപനങ്ങൾക്കു മാത്രമായി വില്പന പരിമിതപ്പെടുത്തിയിരുന്നു. എന്നാൽ ഇത്തവണ സ്വകാര്യ സ്ഥാപനങ്ങൾക്കും ഇൻ ഹൗസ് ഡ്രഗ് ബാങ്കിൽ നിന്നും ഇവ ലഭ്യമാകും. രണ്ടാം ഘട്ടത്തിൽ വിൽക്കുന്ന തെർമോ മീറ്ററുകൾക്ക് വിലയിലും കുറവു വരുത്തിയിട്ടുണ്ട്. 9250 രൂപ എം ആർ പി വിലയുള്ള തെർമോ സ്കാനറിന് ഇൻ ഹൗസ് ഡ്രഗ് ബാങ്കിൽ 5799 രൂപയാണ് ഇപ്പോൾ ഈടാക്കുന്നത്.
സ്വകാര്യ സ്ഥാപനങ്ങൾക്കും വില്പന നടത്തുന്നതിനാൽ നിരവധി ആവശ്യക്കാർ എത്തുന്നുമുണ്ട്. കഴിഞ്ഞ പ്രാവശ്യം 700 തെർമോമീറ്ററുകൾ മെഡിക്കൽ സർവീസ് കോർപറേഷന് നൽകിയിരുന്നു. അതിനാൽ 300 എണ്ണം മാത്രമാണ് ഇൻ ഹൗസ് ഡ്രഗ് ബാങ്കിന് നേരിട്ട് വിൽക്കാൻ കഴിഞ്ഞത്.
കോവിഡ് കാലത്തും പരിമിതികൾ മറികടന്ന് 24 മണിക്കൂറും ഇൻ ഹൗസ് ഡ്രഗ് ബാങ്ക് പ്രവർത്തിച്ചുവരുന്നുണ്ട്. അതു കൊണ്ടു തന്നെ ജീവൻ രക്ഷാ മരുന്നുകൾക്കും മറ്റുമായി ഫയർഫോഴ്സ് ഉൾപ്പെടെയുള്ളവർ ഇൻ ഹൗസ് ഡ്രഗ് ബാങ്കിനെയാണ് ആശ്രയിക്കുന്നത്.




