കാട്ടാക്കട : കാറിൽ മാരാകയുധങ്ങളുമായി എത്തിയ അജ്ഞാത സംഘം പത്രം ഏജന്റിന്റെ കൈയും കാലും അടിച്ചൊടിച്ചു. പൂവച്ചൽ ആലനട എസ്.ബി സദനത്തിൽ ബിനു (42) നു നേരെയാണ് ആക്രമണം ഉണ്ടായത്. പുലർച്ചെ ആറു പത്തോടെ സംഭവം. പൂവച്ചൽ മുളമൂട് ജംഗ്ഷന് സമീപം മോഹൻ ക്ലിനിക്കിന് മുന്നിൽ ഇറക്കിയിരുന്നു പത്രകെട്ട് ഓട്ടോ റിക്ഷ കയറ്റി വച്ചു ക്രമീകരിക്കുന്നതിനിടെ കാറിൽ മാരാകയുധങ്ങളുമായി എത്തിയ അജ്ഞാത സംഘം ഓട്ടോയുടെ സമീപം നിർത്തുകയും കാറിൽ നിന്നും ഇറങ്ങിയ അക്രമികൾ ഓട്ടോയുടെ ഗ്ലാസ് തകർക്കുകയും ബിനുവിനെ മർദ്ദിക്കുകയും ആയിരുന്നു.
മാരുതി ആൾട്ടോ കാറിൽ എത്തിയ നാലോളം പേരുടെ സംഘമാണ് ബിനുവിനെ ആക്രമിച്ചത്. തുടർന്ന് ഓട്ടോയും, പത്രക്കെട്ടുകളും ഉപേക്ഷിച്ച് പ്രാണരക്ഷാർത്ഥം ഓടിയ ബിനുവിനെ പിന്തുടർന്ന അക്രമിസംഘം അടിച്ചു നിലത്തിട്ട ശേഷം വീണ്ടും തലങ്ങും വിലങ്ങും മർദ്ദിക്കുകയുമായിരുന്നു. ബിനുവിന്റെ നിലവിളി കേട്ട് സമീപ സ്ഥാപന ഉടമകളും ബസ് കാത്തു നിന്ന യാത്രക്കാരും ഓടിയെത്തുന്നതിനിടെ അക്രമി സംഘം കാറിൽ രക്ഷപ്പെട്ടിരുന്നു.
ഓടി കൂടിയവർ അവശനായ ബിനുവിനെ ഉടൻ തന്നെ മോഹൻ ക്ലിനിക്കിൽ എത്തിച്ചു പ്രാഥമിക ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അതെ സമയം അക്രമി സംഘം കൊല്ലും എന്ന് ഭീഷണിയുയർത്തിയാണ് കാറിൽ കയറി പോയത് എന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
നാട്ടുകാർ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ കാട്ടാക്കടയിൽ നിന്നും എത്തിയ എസ്.ഐ സുരേന്ദ്രനും സംഘവും സ്ഥലത്ത് എത്തി അന്വേഷണം നടത്തി. പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചു വരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തി പോലീസ് ബിനുവിന്റെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തു. പ്രതികളെ പിടികൂടാനുള്ള തിരച്ചിൽ ഉർജ്ജിതപ്പെടുത്തിയതായി കാട്ടാക്കട സി.ഐ ബിജു കുമാർ പറഞ്ഞു.
അതേ സമയം പോലീസ് എത്തി പ്രദേശത്തെ സുരക്ഷാ ക്യാമറകൾ ഉൾപ്പടെ പരിശോധിക്കുന്നുണ്ട്. ബിനുവിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം കൂടുതൽ വിവരങ്ങൾ അറിയുകയുള്ളൂ എന്നാണ് പോലീസ് പറയുന്നത്. അന്വേഷണം ഊർജിതപ്പെടുത്തിയതായും പോലീസ് പറയുന്നു.



