സെക്രട്ടറിയേറ്റ് മുന്നില്‍ ഇന്ന് എകദിന ഉപവാസ സമരം സംഘടിപ്പിക്കും
തിരുവനന്തപുരം : കടുത്ത രോഗബാധിതനായി ബംഗ്ലൂരുവിലെ സൗഖ്യഹോസ്പിറ്റലില് പ്രവേശിപ്പിച്ചിരിക്കുന്ന പി ഡി പി ചെയര്മാന് അബ്ദുന്നാസിര്‍ മഅ്ദനിയുടെ കേസിന്റെ വിചാരണ പൂര്‍ത്തിയാക്കി വിദഗ്ദ ചികിത്സ നേടാന്‍ അവസരം ലഭ്യമാക്കണം എന്നാവിശ്യപ്പെട്ട് പി ഡി പി സെക്രട്ടറിയേറ്റ് മുന്നില്‍ ഇന്ന് എകദിന ഉപവാസ സമരം സംഘടിപ്പിക്കും.
രാവിലെ പത്തരക്ക് തിരുവനന്തപുരം പാളയം രക്തസാക്ഷിമണ്ഡപത്തില്‍ നിന്ന് ആരംഭിക്കുന്ന പ്രകടനവും തുടര്‍ന്ന് സെക്രട്ടറിയേറ്റിന് മുന്നില്‍ ഉപവാസവും നടക്കും. ഉപവാസ സമരം സി പി ഐ ദേശിയ കൗണ്‍സിലംഗം സി. ദിവാകരന് എം എല്‍ എ ഉത്ഘാടനംചെയ്യും.വൈകിട്ട് മുന്‍ കെ പി സി സി പ്രസിഡന്റ് വി എം സുധീരന് സമാപന പ്രസംഗം നിര്‍വഹിക്കും .
വിവിധ രാഷ്ട്രീയ പാര്‍ട്ടികളേയും സാമൂഹ്യ സംഘടനകളേയും പ്രതിനിധീകരിച്ച് കൊടിക്കുന്നില്‍ സുരേഷ് എം പി,നീലലോഹിതദാസന്‍ നാടാര്‍,പാളയം ഇമാം പി പി സുഹൈബ് മൗലവി ഭാസുരേന്ദ്രബാബു,പാലോട് രവി,ജമീലപ്രകാശം,തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി,പാച്ചല്ലൂര്‍ അബ്ദുല്‍സലിം മൗലവി കെ എ ഷെഫീഖ്, ജലീല്‍ നീലാമ്പ്ര, സിയാദ് കണ്ടല തുടങ്ങിയവര്‍ ഉപവാസത്തിന് അഭിവാദ്യം ചെയ്ത് പ്രസംഗിക്കും.പി ഡി പി പ്രതിനിധി സംഘം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് ഇക്കാര്യം ആവശ്യപ്പെടുന്ന നിവേദനവും സമര്‍പ്പിക്കും.




