കാട്ടാക്കട : കാട്ടാക്കട കെ എസ് ആര് ടി സി ഡിപ്പോയിൽ വൃദ്ധയുടെ കാലിലൂടെ ബസ്സിന്റെ ചക്രം കയറിയിറങ്ങി വൃദ്ധ മരിച്ചു. മണ്ഡപത്തിൻകടവ്, കുരവര പുന്നക്കുന്ന് വീട്ടിൽ പരേതനായ ദാസൻനാടാരുടെ ഭാര്യ വിജയമ്മ (74) യാണ് മരിച്ചത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ അപകടം. മണ്ഡപത്തിൻകടവ് ജംഗ്ഷന് സമീപം പച്ചക്കറി കച്ചവടം നടത്തി വരികെയാണ് വിജയമ്മ. തിങ്കളാഴ്ച തിരുവനന്തപുരത്തെ ചാലയിൽ നിന്നും പച്ചക്കറി സാധനങ്ങൾ വാങ്ങി കാട്ടാക്കട ഡിപ്പോയിൽ എത്തിയ ഇവർ തലച്ചുമടായി സാധനങ്ങളുമായി ബസ് നിറുത്തുന്ന ഭാഗത്തെ വരുന്നതിനിടെ അലക്ഷ്യമായി കെ എസ് ആര് ടി സി ബസ് പിന്നിലോട്ടു എടുക്കുന്നതിനിടെ ബസിന്റെ മുൻവശം ഇവരുടെ തട്ടി നിലത്ത് വീണ ഇവരുടെ കാലിൽ ചക്രം കയറിയിറങ്ങുകയായിരുന്നു.
ഉടൻ യാത്രക്കാർ ഇവരെ ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും യാത്ര മദ്ധ്യേ മരിച്ചു. അതെ സമയം യാത്രക്കാർ നിലവിളിച്ചെങ്കിലും ഡ്രൈവർ ബസ് നിറുത്താൻ കൂട്ടാക്കിയില്ലെന്നും യാത്രക്കാർ പറയുന്നു.
വിജയമ്മയുടെ മൃദദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ഇന്ന് വീട്ടുവളപ്പിൽ സംസ്കരിച്ചു. മക്കൾ : മോഹനൻ, തങ്ക ലത, ജലജ, അനിൽ. മരുമക്കൾ : രമ, അർച്ചന.
അതെ സമയം കാട്ടാക്കട കെ എസ് ആര് ടി സി ഡിപ്പോയിൽ കണ്ടക്ടർ ഇല്ലാതെ ഡ്രൈവർമാർ അലക്ഷ്യമായി ബസ് നിറുത്തുന്നതും മുന്നോട്ടും പിന്നിലോട്ടു എടുക്കുന്നതും നിത്യ സംഭവമാണ്. ഡിപ്പൊക്കുള്ളിൽ യാത്രക്കാർ ഇറങ്ങുന്നതിനു മുന്നേ ചില കണ്ടക്ടർ ബസിൽ നിന്നും ഇറങ്ങി പോകുന്നതായും ആരോപണം ഉണ്ട്.
ഒരു ബസ് വരുമ്പോഴും പോകുമ്പോഴും സെക്യു്രിറ്റി ജീവനക്കാരുടെ സാനിധ്യം വേണമെന്നിരിക്കെ ഇവരാരും എത്താറില്ലെന്നും യാത്രക്കാർ പറയുന്നു. അതാതു സ്ഥലങ്ങളിൽ പോകേണ്ട ബസുകൾ യാത്രക്കാർക്ക് യാതൊരു ബുദ്ധി മുട്ടും ഇല്ലാതെ വാതിൽ തുറന്നു കയറുന്നതിനായി നിറുത്തി നൽകണം എന്നിരിക്കെ അലക്ഷ്യമായി നിറുത്തിയിടുന്ന ബസുകളുടെ വാതിലുകൾ പകുതിപോലും തുറക്കാൻ കഴിയാത്തവിധം കുത്തി തിരുകി കയറ്റിയിടുകയാണ് പതിവ്.
നിരവധി തവണ അധികൃതരെ യാത്രക്കാർ അറിയിച്ചെങ്കിലും നാളിതുവരെ യാതൊരു നടപടിയും എടുത്തിട്ടില്ലെന്ന് യാത്രക്കാരും സമീപ കച്ചവടക്കാരും പറയുന്നു.



