കാട്ടാക്കട : ഗുജറാത്തിൽ നിന്നും തലസ്ഥാനത്തെ മൃഗശാലയിൽ എത്തിച്ച സിംഹത്തെ നെയ്യാർ സിംഹസഫാരി പാർക്കിൽ എത്തിച്ചു. പത്ത് വയസു പ്രായമുള്ള നാഗരാജൻ എന്ന ആൺ സിംഹത്തെയാണ് തിങ്കളാഴ്ച്ച നെയ്യാർ സിംഹ സഫാരി പാർക്കിലെത്തിച്ചത്. പാർക്ക് അടച്ചു പൂട്ടൽ വക്കിലായതോടെ നാട്ടുകാരുടെയും സഞ്ചാരികളുടെയും പ്രതിക്ഷേധത്തെ തുടർന്ന് ഗുജറാത്തിൽ നിന്നും സിംഹത്തെ എത്തിക്കാൻ തീരുമാനം അധികൃതർ എടുത്തുവെങ്കിലും ഫലം കണ്ടില്ല. തുടർന്ന് ഓണത്തോടനുബന്ധിച്ചു ഗുജറാത്തിൽ നിന്നും നാഗരാജനേയും ഇണയായി ആറര വയസുകാരി രാധയെയും തലസ്ഥാനത്തെ മൃഗശാലയിൽ എത്തിച്ചു. ഗുജറാത്തിൽ നിന്നും കേരളത്തിലേക്കുള്ള യാത്രയുടെ പ്രശ്നങ്ങൾ ഉള്ളതിനാലും ജീവനക്കാരുമായി ഇണങ്ങാനുമായി തിരുവനന്തപുരം മൃഗശാലയിൽ പാർപ്പിച്ചു. ഇതിനിടെ രാധ രണ്ടുദിവസം മുമ്പ് ചത്തു. ഓണം എത്തിയതോടെ അറ്റകുറ്റ പണികളുടെ പേരിൽ പാർക്ക് അടക്കുകയും ചെയ്തു. ഇതിനിടെ നാട്ടുകാരുടെ പ്രതിക്ഷേധം ശക്തമായതോടെ ആൺ സിംഹത്തെ നെയ്യാർ പാർക്കിലേക്ക് എത്തിക്കാനുള്ള തീരുമാനിക്കുകയായിരുന്നു. നിലവിൽ പാർക്കിൽ 18 പ്രായം ചെന്ന ബിന്ദു എന്ന പെൺസിംഹമാണുള്ളത്. സ്ഥല പരിചയം ഇല്ലാത്തതിനാലും പാർക്കിൽ ഉള്ള പെൺസിംഹവുമായി പരിചിതമാകുന്നത് വരെ പ്രത്യേക കൂട്ടിൽ പാർപ്പിച്ചിരിക്കുകയാണ്. കുറച്ചു നാളത്തെ നിരീക്ഷണങ്ങൾക്കു ശേഷം തുറന്നു വിടുകയുള്ളൂ എന്ന് അധികൃതർ അറിയിച്ചു.




