തിരുവനന്തപുരം : നടന വൈഭത്തിന്റെ വിസ്മയ ഭാവങ്ങളും നൂപുരധ്വനികളുടെ മാസ്മരികതയും കൊണ്ട് വൈകല്യങ്ങളെ നിഷ്പ്രഭമാക്കി ലക്ഷ്മി കൃഷ്ണയും വന്ദനയും ആടിത്തിമിര്‍ത്തപ്പോള്‍ മാജിക് പ്ലാനറ്റിലെ ജാലിയോ മഹലിന് അരങ്ങുണര്‍ന്നു. ഇന്ത്യ ബുക്ക് ഓഫ് റിക്കോര്‍ഡ്സില്‍ ഇടം പിടിച്ച ഓട്ടിസം ബാധിച്ച ലക്ഷ്മി കൃഷ്ണയും ഒറ്റക്കാലില്‍ നൃത്ത വേദികളില്‍ അത്ഭുതം തീര്‍ക്കുന്ന വന്ദനയുമാണ് ഭിന്നശേഷിക്കുട്ടികളുടെ നൃത്തപാടവം കാഴ്ചവയ്ക്കുന്നതിനായി ഒരുക്കിയ ജാലിയോ മഹലിന്റെ ഉദ്ഘാടനവേളയില്‍ കാണികളെ ഞെട്ടിച്ച വിസ്മയ പ്രകടനം കാഴ്ചവച്ചത്. ചലച്ചിത്രതാരം ലക്ഷ്മി ഗോപാലസ്വാമി വന്ദനയുടെ കാലില്‍ ചിലങ്ക കെട്ടി ഉദ്ഘാടന നിമിഷങ്ങള്‍ക്ക് ധന്യത നല്കി.
കൃഷ്ണനും സത്യഭാമയും തമ്മിലുളള പിണക്കം മാറ്റാന്‍ സഖി ശ്രമിക്കുന്ന നിമിഷങ്ങളാണ് അമ്മമ്മാ.. ഏനമ്മ.. എന്ന വര്‍ണം കുച്ചുപ്പുഡി രൂപത്തില്‍ വന്ദന അവതരിപ്പിച്ചത്. യേരാ... രാ എന്ന ജാവലി പദം ലക്ഷ്മി കൃഷ്ണ ഭരതനാട്യമായി അവതരിപ്പിച്ചു. വൈകല്യങ്ങളുള്ള ഇവര്‍ തികച്ചും പൂര്‍ണതയോടെയാണ് ഇതവതരിപ്പിച്ചതെന്നും കല ഉള്ളിലുറങ്ങുമ്പോള് കൈകാലുകള്‍ക്ക് പ്രസക്തിയില്ലായെന്ന് തെളിയിച്ച പ്രകടനമായിരുന്നുവെന്നും ലക്ഷ്മി ഗോപാലസ്വാമി അഭിപ്രായപ്പെട്ടു.
മാജിക് അക്കാദമിയും കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷനും തിരുവനന്തപുരം നഗരസഭയും സംയുക്തമായി മാജിക് പ്ലാനറ്റില്‍ ഒരുക്കുന്ന ഡിഫറന്റ് ആര്‍ട്സ് സെന്ററിലെ മൂന്നാമത്തെ വേദി ജാലിയോ മഹലിന്റെ ഉദ്ഘാടനം റിട്ട.ജസ്റ്റിസ് കമാല്‍പാഷ നിര്‍വഹിച്ചു. സൂര്യാകൃഷ്ണമൂര്‍ത്തി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ചലച്ചിത്ര താരം ലക്ഷ്മി ഗോപാലസ്വാമി മുഖ്യാതിഥിയായി. തണല്‍ സാംസ്കാരിക വേദി പ്രസിഡന്റ് കെ.സനാതനന്, മാജിക് അക്കാദമി എക്സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, ഡയറക്ടര്‍ ചന്ദ്രസേനന് മിതൃമ്മല തുടങ്ങിയവര്‍ പങ്കെടുത്തു.
മാജിക് പ്ലാനറ്റില്‍ ഇല്യൂഷന്‍ അവതരണത്തിന്റെ 1000 വേദികള്‍ പൂര്‍ത്തിയാക്കിയ മജീഷ്യന്‍ മുഹമ്മദ് ഷാനുവിനെ സൂര്യകൃഷ്ണമൂര്‍ത്തി ആദരിച്ചു. ലക്ഷ്മി കൃഷ്ണയ്ക്ക് ഏഷ്യാ ബുക്ക് ഓഫ് റിക്കോര്‍ഡ്സ് അവാര്‍ഡ് ലഭിച്ചതിന്റെ പ്രഖ്യാപനവും നടന്നു.
ഡിഫറന്റ് ആര്‍ട്സ് സെന്ററില്‍ 7 വേദികളാണ് നിര്‍മിക്കുന്നത്. ദേശീയോദ്ഗ്രഥന ഇന്ദ്രജാലം അവതരിപ്പിക്കുന്നതിനായി ഇന്ത്യാ ഫോര്‍ട്ടും സംഗീത പ്രകടനം നടത്തുന്നതിനായി ബീഥോവന് ബംഗ്ലാവും ഇതിനോടകം ഉദ്ഘാടനം ചെയ്തു കഴിഞ്ഞു.
എല്ലാവേദികളിലെയും പരിപാടികള്‍ അവതരിപ്പിക്കുന്നത് ഭിന്നശേഷിക്കുട്ടികളാണ്. ലോകത്തെവിടെയുമുള്ള ഭിന്നശേഷിക്കുട്ടികള്‍ക്ക് മാജിക് പ്ലാനറ്റിലെ ഡിഫറന്റ് ആര്‍ട്സ് സെന്ററില്‍ പരിപാടികള്‍ അവതരിപ്പിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ലോകത്തിലെ തന്നെ ആദ്യത്തെ സംരംഭമാണിത്. ദേശീയോദ്ഗ്രഥന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന പരിപാടികള്‍ അവതരിപ്പിക്കുന്നതിനുള്ള ആദ്യത്തെ വേദിയാണ് ഇന്ത്യാ ഫോര്‍ട്ട്. ഈ വേദി ഗവര്‍ണര്‍ റിട്ട.ജസ്റ്റിസ് പി.സതാശിവം ഉദ്ഘാടനം ചെയ്തിരുന്നു. തത്സമയ സിനിമ, മാജിക്, ചിത്രരചന, നൃത്തം, അഭിനയം, മറ്റ് കലകള്‍ എന്നിവ അവതരിപ്പിക്കുന്നതിനാണ് മറ്റു വേദികള്‍. കുട്ടികള്‍ വരയ്ക്കുന്ന ചിത്രങ്ങള്‍, കരകൗശല വസ്തുക്കള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്നതിനും വേദി ഒരുക്കിയിട്ടുണ്ട്. ഡിഫറന്റ് ആര്‍ട്സ് സെന്റര്‍ ഒക്ടോബര്‍ 31ന് സമര്‍പ്പിക്കും.




