തിരുവനന്തപുരം : ഇന്ത്യയും മാലദ്വീപുമായുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കേരള സര്‍ക്കാരും റീജിയണല്‍ കാന്‍സര്‍ സെന്ററും സംയുക്തമായി മാലദ്വീപിലെ ആരോഗ്യ മന്ത്രാലയവുമായി ധാരണാപത്രം ഒപ്പിട്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലാണ് എം.ഒ.യു ഒപ്പിട്ടത്. ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, മാലദ്വീപ് ആരോഗ്യവകുപ്പ് മന്ത്രി അബ്ദുള്ള അമീന്, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന് എന്‍ ഖോബ്രഗഡെ, ആര്.സി.സി. ഡയറക്ടര്‍ ഡോ. രേഖ എ. നായര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ഇന്ത്യയുടെ അയല്‍ രാജ്യമായ മാലദ്വീപും കേരളവുമായുള്ള ബന്ധം വളരെ ശക്തമാണ്. നിരവധി പേരാണ് കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് ചികിത്സയ്ക്കായി കേരളത്തിലെത്തുന്നത്. റീജിയണല്‍ കാന്‍സര്‍ സെന്ററിന്റെ വൈദഗ്ദ്ധ്യം ഉപയോഗപ്പെടുത്തി മാലദ്വീപിലെ കാന്‍സര്‍ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക എന്നതാണ് കരാറിന്റെ ലക്ഷ്യം. കാന്‍സര്‍ പ്രതിരോധം, കാന്‍സര്‍ ചികിത്സ, രോഗനിര്‍ണയ സൗകര്യങ്ങള്‍ എന്നിവ ലഭ്യമാക്കുന്ന ആശുപത്രികള്‍ സ്ഥാപിക്കുന്നതില്‍ റീജിയണല്‍ കാന്‍സര്‍ സെന്റര്‍ മാലദ്വീപ് ആരോഗ്യ മന്ത്രാലയത്തെ സഹായിക്കുന്നതാണ്. ഇതുവഴി മാലദ്വീപിലെ ജനങ്ങള്‍ക്ക് ഗുണമേന്മയുള്ള കാന്‍സര്‍ ചികിത്സ ലഭ്യമാക്കാന്‍ കഴിയും.
മാലദ്വീപിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ഫാര്‍മസിസ്റ്റുകള്‍, ലബോറട്ടറി ജീവനക്കാര്‍ എന്നിവര്‍ക്ക് ആര്.സി.സി.യില്‍ പ്രത്യേക പരിശീലനം നല്‍കും. തുടര്‍ വിദ്യാഭ്യാസ പരിപാടിയിലൂടെ മാലദ്വീപിലെ കാന്‍സര്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കാന്‍സര്‍ ചികിത്സ രോഗ നിര്‍ണയ രംഗത്തെ നൂതനസങ്കേതങ്ങള്‍ പരിചയപ്പെടുത്താനും ആര്.സി.സി സൗകര്യമൊരുക്കും. ആര്.സി.സി.യിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് സാങ്കേതിക പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് മാലദ്വീപിലെ കാന്‍സര്‍ ആശുപത്രികളില്‍ ഡെപ്യൂട്ടഷന് നല്‍കാനും കരാറില്‍ വ്യവസ്ഥയുണ്ട്.
പ്രതിദിനം ആയിരത്തോളം പഴയതും പുതിയതുമായ രോഗികള്‍ക്ക് ചികിത്സ നല്കുന്ന ആര്.സി.സി.യില്‍ പ്രതിവര്‍ഷം രണ്ടര ലക്ഷത്തില്‍പരം രോഗികളാണ് തുടര്‍ ചികിത്സയ്ക്കായി എത്തുന്നത്. ആര്.സി.സി.യുടെ പ്രവര്‍ത്തന മികവും സാങ്കേതിക സൗകര്യങ്ങളും മാലദ്വീപിലെ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താനാണ് സഹകരണം.




