നെടുമങ്ങാട് : വിതുര പഞ്ചായത്തിലെ പൊന്നാൻ ചുണ്ട് വാർഡിൽപെട്ട ഇറച്ചിപാറ പന്നിഫാമിൽ നിന്നുള്ള മാലിന്യമാണ് ജലാശയങ്ങളിൽ തള്ളുന്നതായി നാട്ടുകാർ പറയുന്നത്. നാടിനും നാട്ടുകാർക്കും ഒരു പോലെ വിനയായ ഫാമിനെതിരെ നാട്ടുകാർ രംഗത്തിറങ്ങിയിരിക്കുകയാണ്.
ചത്ത പന്നികളെ മറവു ചെയ്യാതെ പരിസരങ്ങളിലും വാമനപുരം നദിയിലും വലിച്ചെറിയുന്നതു പതിവാണ് എന്നും പരിസരത്ത് വലിച്ചെറിയപ്പെടുന്ന ചത്ത പന്നികൾ പുഴുവരിച്ചു ഈച്ച പൊതിഞ്ഞ ദുർഗന്ധ വമിക്കുന്ന നിലയിൽആണ് എന്ന് നാട്ടുകാർ ആരോപിക്കുന്നു. വാമനപുരം നദിയുടെ തീരത്ത് യാതൊരു മാനദണ്ഡവും ഇല്ലാതെയാണ് ഫാമിന്റെ പ്രവർത്തനം.
നാട്ടുകാർ കുടിക്കാനും കുളിക്കാനും വാമനപുരം നദിയെ ആണ് ആശ്രയിക്കുന്നത്. അനധികൃതമായി നടത്തുന്ന പന്നി ഫാമിലെ മാലിന്യങ്ങൾ മുഴുവൻ മഴയത്ത് ഒലിച്ച് നദിയിൽ ഇറങ്ങുകയാണ്. നെടുമങ്ങാട്, ചിറയിൻകീഴ് താലൂക്കുകളിലെ 25ഓളം ഗ്രാമപഞ്ചായത്തുകളിലെ കുടിവെള്ളം വാമനാപുരം നദിയിൽ നിന്നുമാണ്.
നാട്ടുകാരുടെ പരാതിയെ തുടർന്ന് പൊന്നാൻ ചുണ്ട് വാർഡ് മെമ്പർ ജി മഞ്ജുഷ ആനന്ദ്, സിപിഐ അരുവിക്കര നിയോജകമണ്ഡലം സെക്രട്ടറി എംഎസ് റഷീദും സ്ഥലത്തെത്തുകയും തുടർന്ന് ഇവിടത്തെ ദുരവസ്ഥ പഞ്ചായത്ത് അധികൃതരെ അറിയിച്ചു. എന്നാൽ ഇറച്ചിപാറയിൽ പന്നിവളർത്തൽ കേന്ദ്രത്തിന് പഞ്ചായത്ത് അനുമതി നൽകിയിട്ടില്ല എന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നു. നാട്ടുകാരുടെ പരാതികളുടെ അടിസ്ഥാനത്തിൽ പന്നിഫാം അടച്ചുപൂട്ടാൻ പഞ്ചായത്ത് ഫാം ഉടമയ്ക്ക് നോട്ടീസ് നൽകിയെങ്കിലും അടച്ചു പൂട്ടാൻ തയാറാകുന്നില്ലന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.