വയനാട്
ജില്ലാ ആസൂത്രണ സമിതിയുടെ അഡ്ഹോക്ക് കമ്മിറ്റിയുടെ ആദ്യയോഗം കളക്റ്ററേറ്റിലെ ആസൂത്രണ ഭവനിൽ ചേർന്നു. പുതിയ ഭരണസമിതിയുടെ നേതൃത്വത്തിൽ തദ്ദേശതല വികസന പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള നടപടികളാണ് യോഗത്തിൽ പ്രധാനമായും ചർച്ച ചെയ്തത്.
ഗ്രാമപഞ്ചായത്ത്, നഗരസഭ തലങ്ങളിൽ നടപ്പാക്കാവുന്ന പ്രായോഗികവും ജനോപകാരപ്രദവുമായ പദ്ധതികൾ രൂപപ്പെടുത്തുക, തദ്ദേശതല പ്രശ്നങ്ങൾ വിശദമായി പഠിക്കുക, മഴക്കാലങ്ങളിൽ ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങൾ നേരിടുന്നതിനുള്ള കൃത്യമായ രേഖകളും മുൻകരുതൽ സംവിധാനങ്ങളും ഒരുക്കുക തുടങ്ങിയ വിഷയങ്ങളിലാണ് കമ്മിറ്റി പ്രത്യേക ശ്രദ്ധ നൽകിയത്.
പ്രകൃതി ദുരന്ത സാഹചര്യങ്ങളിൽ അധ്യക്ഷന്മാർക്കും ജനപ്രതിനിധികൾക്കും കൂടുതൽ ഫലപ്രദമായി ഇടപെടാൻ കഴിയുന്ന രീതിയിൽ മാർഗനിർദേശങ്ങൾ തയ്യാറാക്കണമെന്നും യോഗത്തിൽ നിർദ്ദേശം നൽകി. ജില്ലയുടെ സമഗ്ര വികസനത്തിന് സഹായകരമായ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട ആശയങ്ങളും നിർദേശങ്ങളും യോഗത്തിൽ അവതരിപ്പിച്ചു.
യോഗത്തിൽ ജില്ലാ പ്ലാനിങ് ഓഫീസർ എം. പ്രസാദൻ, ജില്ലാ ഡെപ്യൂട്ടി പ്ലാനിങ് ഓഫീസർ കെ. എസ്. ശ്രീജിത്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, വിവിധ തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.


