കഴിഞ്ഞ ജൂൺ ആറാം തീയതി വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. കാട്ടാക്കടയിൽ നിന്നും ചൂണ്ടുപലകയിലേക്ക് വരികയായിരുന്ന ജയപ്രകാശിനെ പെട്ടി ഓട്ടോ ഇടിച്ചുതെറിക്കുകയായിരുന്നു. അപകട ശേഷം പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാൻ പോലും തയ്യാറാകാതെ ഡ്രൈവർ വാഹനം ഓടിച്ചുപോകുന്നത് സിസി ടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. പിന്നീട് മറ്റൊരു ആംബുലൻസിലാണ് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്.
ഗുരുതര പരിക്കുകളോടെ ചികിത്സയിൽ കഴിയുന്നതിനിടെ വർത്തകളിൽ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വാഹനം ഓടിച്ചയാൾ സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു. എന്നാൽ തെളിവുകൾ സഹിതം എത്തിയിട്ടും ശാസ്ത്രീയ പരിശോധനകൾ നടത്താതെ ഡ്രൈവറെയും വാഹനത്തെയും പോലീസ് വിട്ടയച്ചെന്നാണ് പ്രധാന ആരോപണം. ഇടിച്ച വാഹനം കസ്റ്റഡിയിലെടുക്കാതെ നടപടി എടുക്കാൻ കഴിയില്ലെന്ന വിചിത്ര നിലപാടാണ് കാട്ടാക്കട പോലീസ് സ്വീകരിക്കുന്നതെന്നും കുടുംബം ആരോപിക്കുന്നു. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുന്ന കുടുംബം, തുടർചികിത്സയ്ക്കായി നാല് ലക്ഷം രൂപയോളം ആവശ്യമായി വരുന്ന സാഹചര്യത്തിൽ കൃത്യമായ അന്വേഷണം നടത്തി നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെടുന്നു.


