കാട്ടാക്കട : കഞ്ചാവ് സംഘങ്ങൾ തമ്മിലുള്ള വൈരാഗ്യത്തെ തുടർന്ന് ബന്ധുവിന്റെ വീട് ഡീസൽ ഒഴിച്ച് കത്തിക്കുകയും അടിച്ചു തകർക്കുകയും ചെയ്ത സംഭവത്തിൽ നാല് പേരെ കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തു. നെല്ലിക്കാട് സ്വദേശി ആനന്ദന്റെ വീടാണ് ഗുണ്ടാസംഘം ആക്രമിച്ചത്. ഒറ്റശേഖരമംഗലം മൈലച്ചൽ വാലിയറക്കാണം പുതുവൽ പുത്തൻവീട്ടിൽ വിജിൻ സുരേഷ് (26), കാട്ടാക്കട കൊല്ലോട് പൊട്ടൻകാവ് റോഡിൽകത്ത് വീട്ടിൽ നിഹാസ് മൻസിലിൽ നിഹാസ് (25), കറ്റിച്ചൽ പുച്ചപ്പാറ ചരുവിള വീട്ടിൽനിന്ന് കാട്ടാക്കട കൊല്ലോട് പൊട്ടൻകാവ് റോഡിൽകത്ത് വീട്ടിൽ താമസിക്കുന്ന ഗോകുൽ (29), മലയിൻകീഴ് അന്തിയൂർക്കോണം ചിറ്റിയൂർക്കോട് നൗഫൽ മൻസിലിൽ മുഹമ്മദ് നസീം (25) എന്നിവരാണ് പിടിയിലായത്.
രണ്ട് ദിവസത്തെ ഇടവേളയിലായാണ് നെല്ലിക്കാട്ടെ വീട്ടിൽ ആക്രമണങ്ങൾ ഉണ്ടായത്. പത്തോളം പേർ അടങ്ങുന്ന സംഘം വീട്ടിലെത്തി ഡീസൽ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. വീട് പൂർണമായും കത്തിച്ച ശേഷം അകത്തുണ്ടായിരുന്ന കട്ടിലുകൾ ഉൾപ്പെടെയുള്ള സാധനങ്ങൾ സമീപത്തെ തോട്ടിലേക്ക് വലിച്ചെറിഞ്ഞു. ആനന്ദന്റെ സഹോദരിയുടെ മകൻ അഖിൽ മോഹനോടുള്ള മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. അഖിൽ മോഹനെ ലക്ഷ്യമിട്ടാണ് സംഘം എത്തിയത്.
ആദ്യ ആക്രമണത്തിന് ശേഷം അന്നുരാത്രി പത്തുമണിയോടെ വീണ്ടും സംഘം തിരിച്ചെത്തി വീടിന്റെ ജനലുകളും ശുചിമുറിയും അടിച്ചു തകർത്തു. സംഭവത്തെ തുടർന്ന് പ്രദേശത്ത് വലിയ തോതിൽ ഭീതി പരന്നിരുന്നു. അഖിൽ മോഹന്റെ പേരിൽ കാർ തകർത്തതുമായി ബന്ധപ്പെട്ട് മലയിൻകീഴ് പൊലീസ് നേരത്തെ കേസെടുത്തിട്ടുണ്ടെന്നും, ഇരു സംഭവങ്ങളും തമ്മിലുള്ള ബന്ധം അന്വേഷിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായുള്ള അന്വേഷണം തുടരുകയാണ്.


