ആര്യങ്കോട് : തടി കയറ്റുന്നതുമായി ബന്ധപ്പെട്ട് തൊഴിലാളി യൂണിയനുകൾ തമ്മിലുണ്ടായ തർക്കം തടി ഉടമയ്ക്ക് ലക്ഷങ്ങളുടെ നഷ്ടം. ആര്യങ്കോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ മണക്കാലയിലാണ് സംഭവം. കാട്ടാക്കട കുരുതംകോട് സ്വദേശി ജോൺ വാങ്ങിയ റബ്ബർ തടികൾ പെരുമ്പാവൂരിലേക്ക് കൊണ്ടുപോകാനെത്തിയപ്പോഴാണ് യൂണിയൻ തർക്കം രൂക്ഷമായത്. കഴിഞ്ഞ മൂന്ന് ദിവസമായി തടികൾ സ്ഥലത്ത് കിടക്കുന്നതിനാൽ മഴയിൽ നശിക്കുന്ന അവസ്ഥയാണെന്ന് ഉടമ പറയുന്നു.
ഒരു ലക്ഷത്തോളം രൂപ ചെലവഴിച്ച് വാങ്ങിയ റബ്ബർ തടികൾ സ്വന്തം ലോറിയിൽ കയറ്റാനെത്തിയ ജോണിനെതിരെ വിവിധ യൂണിറ്റുകളിലെ തൊഴിലാളികൾ രംഗത്തെത്തി. പേരെക്കോണം മേഖലയിലെ ഐ.എൻ.ടി.യു.സി, ബി.എം.എസ്, സി.ഐ.ടി.യു തൊഴിലാളികൾ ആദ്യം തടി കയറ്റിത്തുടങ്ങിയതോടെ പ്ലാമ്പഴിഞി യൂണിറ്റിൽ നിന്നുള്ള തൊഴിലാളികളും സ്ഥലത്തെത്തി. ഈ പ്രദേശത്ത് തടി കയറ്റിറക്കാനുള്ള അവകാശം തങ്ങൾക്കാണെന്ന വാദവുമായി ഇരുവിഭാഗവും ഏറ്റുമുട്ടുകയായിരുന്നു. തുടർന്ന് വാക്കുതർക്കം കൈയാങ്കളിയിലേക്കുംഎത്തി. ഇതിനിടെ കയറ്റിയ തടികൾ എടുത്തെറിയുകയും ചിലർക്കു പരിക്കേൽക്കുകയും ചെയ്തു.
മണ്ണാങ്കോട് റോഡിന്റെ ഇരുവശങ്ങളിലും വ്യത്യസ്ത യൂണിയൻ മേഖലകളുള്ളതിനാൽ ഇവിടെ ഇത്തരം തർക്കങ്ങൾ പതിവാണെന്നാണ് നാട്ടുകാർ പറയുന്നത്. പ്രശ്നം രൂക്ഷമായതോടെ ജോൺ ലേബർ ഓഫീസിൽ വിവരം അറിയിച്ചു. ഉടൻ സ്ഥലത്തെത്താൻ കഴിയില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. തുടർന്ന് ആര്യങ്കോട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും അതിർത്തി സംബന്ധിച്ച വിഷയമായതിനാൽ ലേബർ വകുപ്പ് തീരുമാനമെടുക്കണമെന്നായിരുന്നു പൊലീസിന്റെ നിലപാട്. തിങ്കളാഴ്ച ചർച്ച നടത്തി പരിഹാരം കാണാമെന്ന് ജോണിനെ അറിയിച്ചതായും പറയുന്നു.
സംഭവത്തെ തുടർന്ന് ജോണിന്റെ ലോറിയും മൂന്ന് ദിവസമായി സ്ഥലത്ത് കുടുങ്ങിക്കിടക്കുകയാണ്. മറ്റ് ഓട്ടങ്ങൾ നടത്താൻ കഴിയാത്തതിനാൽ അധിക സാമ്പത്തിക നഷ്ടവും നേരിട്ടതായി അദ്ദേഹം പറയുന്നു. മഴയിൽ തടികൾ നശിക്കുന്നതിനൊപ്പം ഗതാഗത ചെലവും വ്യാപാരനഷ്ടവും ഉൾപ്പെടെ രണ്ടരലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് ജോണിന്റെ പരാതി. യൂണിയൻ തർക്കത്തിൽ നിരപരാധിയായ തനിക്ക് നീതി നിഷേധിക്കപ്പെടുകയാണെന്നും ലേബർ വകുപ്പും പൊലീസും അടിയന്തരമായി ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


