പൂവച്ചൽ: പൂവച്ചൽ ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപത്തുനിന്നും കൃഷിശ്രീയുടെ പുല്ലുവെട്ടി യന്ത്രവും വളങ്ങളും മോഷ്ടിക്കപ്പെട്ടു. കൃഷിഭവന്റെ നവീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പഞ്ചായത്ത് കെട്ടിടത്തിന്റെ വശത്തുള്ള ഷെഡ്ഡിൽ സൂക്ഷിച്ചിരുന്ന സാധനങ്ങളാണ് കവർച്ച ചെയ്യപ്പെട്ടത്. ഏകദേശം 35,000 രൂപയോളം വിലവരുന്ന പുല്ലുവെട്ടി യന്ത്രമാണ് നഷ്ടപ്പെട്ടത്.
സുരക്ഷാ പാളിച്ചയെന്ന് ആക്ഷേപം
പഞ്ചായത്ത് കോമ്പൗണ്ടിനുള്ളിലെ ഗുരുതരമായ സുരക്ഷാ പാളിച്ചകളാണ് മോഷണത്തിന് വഴിയൊരുക്കിയതെന്ന് നാട്ടുകാർ ആരോപിക്കുന്നു. പഞ്ചായത്തിന്റെ വലതുഭാഗത്തെ മതിലിലൂടെ ആർക്കും എളുപ്പത്തിൽ അകത്തുകടക്കാനും പുറത്തുപോകാനും കഴിയുന്ന അവസ്ഥയാണ്. മതിലിന്റെ മൂലയ്ക്ക് സമീപം വേസ്റ്റ് മണ്ണ് വൻതോതിൽ തള്ളിയിരിക്കുന്നതിനാൽ ഇതുവഴി കയറി ഇറങ്ങുക തികച്ചും എളുപ്പമാണ്. ഈ ഭാഗത്ത് സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി ക്യാമറയാകട്ടെ ശരിയായ രീതിയിൽ പരിചരിക്കാത്തതിനെ തുടർന്ന് ഇളകി വീണ നിലയിലും പ്രവർത്തനരഹിതവുമാണ്. ഈ സുരക്ഷാ വീഴ്ചകൾ കൃത്യമായി അറിയാവുന്ന ആരോ ആണ് തുരുമ്പെടുത്ത് ദ്രവിച്ച ഗ്രില്ലുകളുള്ള ഷെഡ്ഡിൽ നിന്നും സാധനങ്ങൾ കവർന്നതെന്നാണ് നിഗമനം.
പോലീസിൽ പരാതി നൽകി
ദിവസങ്ങൾക്ക് മുൻപ് മോഷണം നടന്നിട്ടും കൃഷിഭവൻ ഓഫീസർ വിവരം വൈകിയാണ് അറിഞ്ഞത്. സാധനങ്ങൾ കാണാതായതിനെ തുടർന്ന് കൃഷി വകുപ്പ് അധികൃതർ ഉടനടി പഞ്ചായത്തിന് പരാതി നൽകിയെങ്കിലും യാതൊരുവിധ നടപടിയും ഉണ്ടായില്ലെന്ന് ആക്ഷേപമുണ്ട്. പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് നടപടികൾ വൈകിയതോടെ ഇക്കഴിഞ്ഞ ദിവസം കൃഷി വകുപ്പ് ഉദ്യോഗസ്ഥർ കാട്ടാക്കട പോലീസിൽ ഔദ്യോഗികമായി പരാതി നൽകി.



