ആര്യനാട്: ആര്യനാട് സർക്കാർ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറെ ക്രൂരമായി മർദ്ദിച്ച കേസിൽ പ്രതികളെ തെളിവെടുപ്പിനായി ആശുപത്രിയിൽ എത്തിച്ചു. പോലീസ് കസ്റ്റഡിയിലുള്ള കാനക്കുഴി ഊരുവള്ളി തലയ്ക്കൽ തടത്തരികത്ത് വീട്ടിൽ സഹോദരങ്ങളായ അമൽ ഐസന്റ് (26), അഖിൽ ഐസന്റ് (25), സുഹൃത്ത് ഷിജി (21) എന്നിവരെയാണ് ഇന്ന് വൈകുന്നേരം 3 മണിയോടെ ആര്യനാട് പോലീസ് ആശുപത്രിയിൽ എത്തിച്ചത്. വ്യാഴാഴ്ച വരെയാണ് പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.
കഴിഞ്ഞ ഞായറാഴ്ച രാത്രി 11.30-ഓടെയാണ് ആക്രമണം നടന്നത്. കൈയ്യിലെ മുറിവിന് ചികിത്സ തേടിയെത്തിയ പ്രതികളോട് ഒപി ടിക്കറ്റ് എടുക്കാൻ നിർദ്ദേശിച്ചതാണ് അക്രമത്തിന് കാരണമായത്. ആദ്യം മടങ്ങിപ്പോയ സംഘം പിന്നീട് ഓട്ടോറിക്ഷയിൽ മടങ്ങിയെത്തി ടിക്കറ്റെടുക്കുകയും പരിശോധനാ മുറിയിൽ കയറി ഡോക്ടറെ മർദ്ദിക്കുകയുമായിരുന്നു. മുറിയിലുണ്ടായിരുന്ന ഇരുമ്പ് സ്റ്റൂൾ ഉപയോഗിച്ചുള്ള അടിയേറ്റ് ഡോ. ജോയ് മോന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. തലയിൽ പത്ത് തുന്നലുകളുള്ള അദ്ദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആശുപത്രി സംരക്ഷണ നിയമപ്രകാരം (Hospital Protection Act) ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.


