കാട്ടാക്കട : കാട്ടാക്കട നിയമസഭാ മണ്ഡലത്തിൽ പ്രതീക്ഷിച്ച വിജയം ലഭിക്കാതിരുന്നെങ്കിലും ജനവിധിയെ മാനിക്കുന്നുവെന്നും വിജയിച്ച യുഡിഎഫ് സ്ഥാനാർത്ഥിയെ അഭിനന്ദിക്കുന്നുവെന്നും ബിജെപി നേതാവ് പി കെ കൃഷ്ണദാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം ബൂത്ത് തലത്തിൽ മുതൽ വിശദമായി പരിശോധിക്കുമെന്നും, അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ശക്തമായ തിരിച്ചുവരവിനായി സംഘടനാപരവും രാഷ്ട്രീയപരവുമായ പ്രവർത്തനങ്ങൾക്ക് രൂപം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരള രാഷ്ട്രീയത്തിൽ വലിയ മാറ്റത്തിന്റെ തുടക്കമാണ് ഇപ്പോഴത്തെ സാഹചര്യമെന്നും, അതിന്റെ പ്രതിഫലം വരാനിരിക്കുന്ന ലോക്സഭാ-തദ്ദേശ തെരഞ്ഞെടുപ്പുകളിൽ പ്രകടമാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. കാട്ടാക്കടയുടെ സമഗ്ര വികസനത്തിനായുള്ള പദ്ധതികളിൽ നിന്നും ബിജെപി പിന്മാറില്ലെന്നും, ജനങ്ങളോടൊപ്പം തുടർന്നും നിലകൊള്ളുമെന്നും കൃഷ്ണദാസ് കൂട്ടിച്ചേർത്തു.
കാട്ടാക്കടയിൽ വർഷങ്ങളായി പ്രവർത്തിച്ചിരുന്ന റെയിൽവേ റിസർവേഷൻ സെൻറർ പുനസ്ഥാപിക്കുമെന്ന് റെയിൽവേ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെ ഉറപ്പായതായി അദ്ദേഹം അറിയിച്ചു. പഞ്ചായത്ത് തലത്തിൽ ഉണ്ടായ ചില ക്രമക്കേടുകളുടെ പശ്ചാത്തലത്തിലായിരുന്നു സെൻറർ റദ്ദാക്കിയതെന്നും, പത്ത് ദിവസത്തിനുള്ളിൽ സേവനം പുനരാരംഭിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും വ്യക്തമാക്കി.
ബ്രഹ്മോസ് പദ്ധതിയും റിംഗ് റോഡും കാട്ടാക്കടയുടെ വികസനത്തിന് വലിയ സാധ്യതകൾ തുറക്കുന്ന പദ്ധതികളാണെന്ന് അദ്ദേഹം പറഞ്ഞു. റിംഗ് റോഡിനായി ഭൂമി നൽകിയവർക്കുള്ള നഷ്ടപരിഹാരം ലഭ്യമാക്കാൻ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്നും, ലോജിസ്റ്റിക്സ്-ഐടി മേഖലകളിൽ ഈ പദ്ധതികൾ വലിയ മാറ്റമുണ്ടാക്കുമെന്നും കൃഷ്ണദാസ് അഭിപ്രായപ്പെട്ടു.
തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് വർധന ഉണ്ടായെങ്കിലും അതിൽ തൃപ്തരല്ലെന്നും വിജയമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സാമുദായിക-സാമൂഹിക-രാഷ്ട്രീയ ഘടകങ്ങൾ ഓരോ ബൂത്തിലെയും ഫലത്തെ എങ്ങനെ സ്വാധീനിച്ചുവെന്നത് വിശദമായി പഠിക്കുമെന്നും, അതിന്റെ അടിസ്ഥാനത്തിൽ ഭാവി പ്രവർത്തനങ്ങൾക്ക് രൂപം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


