വിളപ്പിൽശാല: വിളപ്പിൽശാല ജംഗ്ഷന് സമീപമുള്ള ലൂഥറൻ ചർച്ചിലെ കാണിക്കവഞ്ചി പൊളിക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശി പിടിയിലായി. തിരുനെൽവേലി കട്ടബൊമ്മൻ സ്ട്രീറ്റിൽ താമസിക്കുന്ന മാരിയപ്പനെയാണ് (45) നാട്ടുകാർ ചേർന്ന് പിടികൂടി പോലീസിന് കൈമാറിയത്. ബുധനാഴ്ച രാത്രി 12.30-ഓടെ പള്ളിക്ക് മുൻപിലെ കാണിക്കവഞ്ചി തകർക്കാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ സംഘടിച്ചെത്തി ഇയാളെ തടഞ്ഞുവെക്കുകയായിരുന്നു.
പ്രതിയിൽ നിന്നും മോഷണത്തിനായി കരുതിയിരുന്ന ബ്ലേഡ് കത്തി ഉൾപ്പെടെയുള്ള ആയുധങ്ങൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. മോഷണസംഘത്തിൽ മാരിയപ്പനെ കൂടാതെ മറ്റു രണ്ടുപേർ കൂടി ഉണ്ടായിരുന്നതായി സംശയമുണ്ട്. ഒപ്പമുണ്ടായിരുന്നവർക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി. പിടിയിലായ പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് വിളപ്പിൽശാല പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


