മാറനല്ലൂർ : കരമന നെടുങ്കാട് സ്വദേശി പ്രതാപചന്ദ്രൻ നായരുടെ (72) ഉടമസ്ഥതയിലുള്ള അരുമാളൂരിലെ വസ്തുവിൽ നിന്ന് ചന്ദനമരം മുറിച്ചു മാറ്റിയ സംഭവത്തിൽ ഒരാൾ പിടിയിൽ. പാറശാല കറുങ്കുണ്ടി ചൂരക്കുഴി കിഴക്കേക്കര പുത്തൻവീട്ടിൽ സുകുവിനെയാണ് (42) മാറനല്ലൂർ പൊലീസ് പിടികൂടിയത്. സംഭവസ്ഥലത്തുണ്ടായിരുന്ന മറ്റൊരാൾ ഓടി രക്ഷപ്പെട്ടു.
ഇന്ന് (16/9/2026) പുലർച്ചെ 12.30 മണിയോടെയാണ് സംഭവം. അരുമാളൂരിലെ വസ്തുവിൽ ചന്ദനമരം മുറിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് ഉടൻ തന്നെ സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. പരിശോധനയിൽ മുറിച്ചിട്ടിരിക്കുന്ന നിലയിൽ ചന്ദനമരം കണ്ടെത്തുകയും സ്ഥലത്തുണ്ടായിരുന്ന പ്രതിയെ പിടികൂടുകയുമായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റൊരാൾക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.


