ചുള്ളിമാനൂർ : കുറുപുഴയ്ക്കും ഇളവട്ടത്തിനും സമീപം കെ.എസ്.ആർ.ടി.സി.ബസും ഓട്ടോയും കൂട്ടിമുട്ടി ഒരാൾ മരിച്ചു. ശ്രീകാര്യം കല്ലമ്പള്ളി സ്വദേശിയും ഇപ്പോൾ ഉള്ളൂർ പ്രശാന്ത് നഗറിൽ വാടകക്ക് താമസിക്കുന്ന സന്തോഷ്കുമാർ (49) ആണ് മരണപ്പെട്ടത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ജീവനക്കാരനാണ് സന്തോഷ്കുമാർ.
പാലോട് നിന്നും നെടുമങ്ങാട്ടേയ്ക്ക് വരികയായിരുന്ന ആർ.എസ്.കെ 244 നമ്പർ നെടുമങ്ങാട് ഡിപ്പോയിലെ കെഎസ്ആർടിസി ബസും പാലോട്ടേയ്ക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെത്തുടർന്നു ഗുരുതര പരുക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും യാത്രമദ്ധ്യ മരണപ്പെടുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ഓട്ടോ പൂർണ്ണമായും തകർന്നു. സന്തോഷ് കുമാറിന്റെ അനുജന് ഓട്ടോയിൽ പലഹാരങ്ങൾ കടയിൽ കൊണ്ടുപോയി വിതരണം ചെയ്യുന്ന ജോലിയാണ്. അവധി ദിവസങ്ങളിൽ അനുജനെ സഹായിക്കാൻ എത്തുന്ന പതിവ് സന്തോഷ്കുമാറിനു ഉണ്ടായിരുന്നു. ഇന്നലെ പതിവ് പോലെ പലഹാരവുമായി കടയിലേക്കുള്ള യാത്രക്കിടെയാണ് അപകടം സംഭവിച്ചത്.
അപകടത്തെത്തുടർന്ന് പാലോട് തെങ്കാശി റോഡിൽ പൂർണമായും ഗതാഗത തടസം നേരിട്ട്. പാലോട് പോലീസ് സ്ഥലത്തെത്തി വാഹനങ്ങൾ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. മൃതദേഹം നെടുമങ്ങാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ.