തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കാന്റീനിൽ കപ്പ് കേക്കിന് 18 രൂപ ഈടാക്കിയിരുന്ന അമിത വിലക്ക് വിരുദ്ധമായി സാമൂഹ്യപ്രവർത്തകൻ അജു കെ മധു മുന്നോട്ടുവച്ച പരാതി ഫലം കണ്ടു. സോഷ്യൽ മീഡിയയിലൂടെയും വാർത്താ മാധ്യമങ്ങളിലൂടെയും വിഷയത്തെ കുറിച്ച് സമൂഹ ശ്രദ്ധയിൽ കൊണ്ടുവന്നതിന്റെ ഭാഗമായാണ് നടപടിയെന്നു വ്യക്തമാകുന്നു.
ജനശ്രുതി മീഡിയ ഈ വിഷയം വാർത്തയാക്കി പുറത്ത് കൊണ്ടുവന്നിരുന്നു. മുഖ്യമന്ത്രി, ആരോഗ്യ വകുപ്പ് മന്ത്രി, ഭക്ഷ്യവകുപ്പ് മന്ത്രി, മനുഷ്യവക്ഷ കമ്മീഷൻ എന്നിവർക്കാണ് അജു കെ മധു പരാതി നൽകിയത്.
നടപടിയുടെ ഭാഗമായി കാന്റീനിൽ കപ്പ് കേക്കിന്റെ വില 18 രൂപയിൽ നിന്ന് 12 രൂപയാക്കി കുറച്ചു. അതോടൊപ്പം വിലപട്ടികയും കാന്റീനിൽ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. കപ്പ് കേക്ക് വില – 12 രൂപ” എന്ന് വലിയ അക്ഷരത്തിൽ ഗ്ലാസിന്റെ മുൻവശത്ത് എഴുതിയാണ് പ്രദർശിപ്പിച്ചിരിക്കുന്നത്.
അജു കെ മധുവിന്റെ പ്രതികരണം:
"നാം വാങ്ങുന്ന ഉൽപ്പന്നത്തിൽ 50 പൈസ പോലും അധികമായി ഈടാക്കിയാൽ അതിനെതിരെ പ്രതികരിക്കേണ്ടത് നമ്മുടെ ചുമതലയാണ്. ഇന്ന് മൗനം പാലിച്ചാൽ നാളെയെന്ന് വില 50 രൂപയായേക്കാം. അതുകൊണ്ട് ന്യായം നമ്മുടെ പക്ഷത്താണെങ്കിൽ ധൈര്യത്തോടെ പ്രതികരിക്കണം.
ചിലപ്പോൾ കളിയാക്കലും അപമാനവും നേരിടേണ്ടിവരും, പക്ഷേ നാം ഭയപ്പെടേണ്ടതില്ല. വിജയം വരെ പോരാടണം,” - അജു പറഞ്ഞു.
ഈ തീരുമാനത്തിൽ പങ്ക് വഹിച്ച ഉദ്യോഗസ്ഥർക്കും, കാന്റീൻ ടെണ്ടർ കൈവശമുള്ള ഉടമയ്ക്കും അജു കെ മധു ഹൃദയപൂർവ്വം നന്ദി അറിയിച്ചു.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ഭക്ഷണശാലയിൽ വില വർധന – അജു കെ മധു മുഖ്യമന്ത്രിക്ക് പരാതി നൽകി