തിരുവനന്തപുരം
സിനിമാ നയ രൂപീകരണത്തിനായി കോൺക്ലേവ് സംഘടിപ്പിക്കാൻ ഒരുങ്ങുന്ന എൽഡിഎഫ് സർക്കാർ അവതരിപ്പിച്ച അവസാന ബജറ്റിൽ സിനിമാ മേഖലക്ക് പരിമിതമായ പരിഗണന മാത്രമാണ് ലഭിച്ചതെന്ന് വിലയിരുത്തൽ. സാംസ്കാരിക മേഖലയെ പൊതുവായി ഉൾക്കൊള്ളുന്ന ബജറ്റിൽ സിനിമയ്ക്ക് പ്രത്യേകമായ വലിയ പ്രഖ്യാപനങ്ങൾ ഇല്ലെങ്കിലും ചില മേഖലകളിൽ പിന്തുണ വർധിപ്പിച്ചിട്ടുണ്ട്.
വനിതാ സംവിധായകർക്ക് ചലച്ചിത്ര വികസന കോർപ്പറേഷൻ വഴി ഫീച്ചർ ഫിലിം നിർമ്മാണത്തിന് നൽകുന്ന സഹായം ഏഴ് കോടി രൂപയായി ഉയർത്തിയതാണ് പ്രധാന പ്രഖ്യാപനം. മുൻപ് മൂന്ന് കോടി രൂപ മാത്രമായിരുന്നു ഈ പദ്ധതിക്കായി അനുവദിച്ചിരുന്നത്. കുറഞ്ഞ ബജറ്റിൽ ശ്രദ്ധേയമായ സിനിമകൾ ഒരുക്കാൻ മലയാളത്തിലെ വനിതാ സംവിധായകർക്ക് സാധിച്ചിട്ടുണ്ടെന്ന സാഹചര്യത്തിലാണ് ഈ വർധന.
അതേസമയം, സിനിമയുടെ സാങ്കേതിക നിലവാരം ഉയർത്താൻ ആവശ്യമായ വൻ നിക്ഷേപങ്ങൾ ബജറ്റിൽ പ്രതിഫലിക്കുന്നില്ലെന്ന വിമർശനവും ഉയരുന്നുണ്ട്. ദൃശ്യസൗന്ദര്യവും കലാപരമായ നിലവാരവും ഒരുപോലെ ആവശ്യപ്പെടുന്ന പുതിയ കാലത്തെ സിനിമാ രംഗത്തിന് കൂടുതൽ ശക്തമായ പിന്തുണ ആവശ്യമാണെന്ന അഭിപ്രായവും ഉയരുന്നു.
സർക്കാരിന് കീഴിലുള്ള സിനിമാ സ്ഥാപനങ്ങൾക്കായി ബജറ്റിൽ പ്രത്യേക വകയിരുത്തലുകളും നടത്തിയിട്ടുണ്ട്. സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ പ്രവർത്തനങ്ങൾക്കായി 24 കോടി രൂപയും, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിക്ക് 16 കോടി രൂപയും, കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിന് 11.50 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
കലാകാരന്മാരുടെ ഉപജീവനവും പരിശീലനവും ലക്ഷ്യമിട്ട് സാംസ്കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിക്ക് 13 കോടി രൂപ ബജറ്റിൽ ഉൾപ്പെടുത്തി. യുവകലാകാരന്മാരെ തെരഞ്ഞെടുത്ത് രണ്ട് വർഷത്തേക്ക് ഫെലോഷിപ്പ് നൽകി തദ്ദേശ സ്ഥാപനങ്ങളിൽ കലാപരിശീലനം നൽകുന്നതാണ് പദ്ധതി.
പ്രാദേശിക കലകളെയും കരകൗശല വിദ്യകളെയും പ്രോത്സാഹിപ്പിക്കുന്നതിനായി പിണറായിയിൽ സൗത്ത് സോൺ കൾച്ചറൽ സെന്റർ സ്ഥാപിക്കുന്നതിനും ബജറ്റിൽ ഒരു കോടി രൂപ പ്രഖ്യാപിച്ചിട്ടുണ്ട്.


