തിരുവനന്തപുരം: അരുവിക്കര നിയോജക മണ്ഡലത്തിൽ 7.53 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന ഉറിയാക്കോട് ജംഗ്ഷൻ വികസന പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. സംസ്ഥാനത്ത് പശ്ചാത്തല വികസന രംഗത്ത് കഴിഞ്ഞ വർഷങ്ങളിൽ വലിയ മുന്നേറ്റമാണ് കൈവരിച്ചതെന്ന് മന്ത്രി പറഞ്ഞു.
കഴിഞ്ഞ പത്ത് വർഷത്തിനിടെ കേരളത്തിൽ റോഡുകൾ, പാലങ്ങൾ, മേൽപ്പാലങ്ങൾ, സർക്കാർ കെട്ടിടങ്ങൾ തുടങ്ങി നിരവധി അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കിയതായി മന്ത്രി വ്യക്തമാക്കി. ജനങ്ങൾ നേരിട്ട് അനുഭവിച്ചറിയുന്ന മാറ്റങ്ങളാണ് സംസ്ഥാനത്ത് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
റോഡ് നിർമ്മാണ രംഗത്ത് ഗുണനിലവാരം ഉറപ്പാക്കുന്ന ബി.എം.ബി.സി (BMBC) സാങ്കേതിക വിദ്യ കൂടുതൽ വ്യാപകമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. സാധാരണ റോഡുകളേക്കാൾ ചെലവ് കൂടുതലായിരുന്നാലും 5 മുതൽ 8 വർഷം വരെ പ്രശ്നങ്ങളില്ലാതെ നിലനിൽക്കുന്ന മികച്ച നിർമ്മാണ രീതിയാണിത്. അഞ്ചുവർഷത്തിനുള്ളിൽ പൊതുമരാമത്ത് റോഡുകളുടെ 50 ശതമാനം ബി.എം.ബി.സി നിലവാരത്തിലേക്ക് മാറ്റണമെന്ന ലക്ഷ്യം വെച്ചിരുന്നെങ്കിലും അത് ഇതിനകം 60 ശതമാനമായി ഉയർന്നതായി അദ്ദേഹം അറിയിച്ചു.
2016ൽ എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം കേരളത്തിലെ പശ്ചാത്തല വികസന രംഗത്ത് വലിയ മാറ്റമാണ് ഉണ്ടായതെന്ന് മന്ത്രി പറഞ്ഞു. ഏറെക്കാലം മുടങ്ങിയിരുന്ന ദേശീയപാത വികസന പദ്ധതികൾക്ക് സംസ്ഥാന സർക്കാർ സജീവ ഇടപെടലിലൂടെ പുതുജീവൻ ലഭിച്ചതായും അദ്ദേഹം പറഞ്ഞു.
നാഷണൽ ഹൈവേയ്സ് അതോറിറ്റി ഓഫ് ഇന്ത്യ മേൽനോട്ടത്തിലുള്ള ദേശീയപാത 66 വികസനം നിലച്ച അവസ്ഥയിൽ ആയിരുന്നുവെങ്കിലും സംസ്ഥാന സർക്കാരിന്റെ ഇടപെടലോടെ പദ്ധതി പുനരുജ്ജീവിപ്പിച്ചതായും മന്ത്രി വ്യക്തമാക്കി. ഏകദേശം 600 കിലോമീറ്റർ ദൈർഘ്യമുള്ള ദേശീയപാത 66 വികസനത്തിൽ 450 കിലോമീറ്ററിലധികം പൂർത്തിയായതായും ഉടൻ 500 കിലോമീറ്റർ പൂർത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.
കുതിരാൻ തുരങ്കപാത, മൂന്നാർ–ബോഡിമേട് റോഡ് പദ്ധതി തുടങ്ങിയവ യാഥാർത്ഥ്യമായതായും മന്ത്രി പറഞ്ഞു.
മലയോര മേഖലകളെ ബന്ധിപ്പിക്കുന്ന ഏകദേശം 1200 കിലോമീറ്റർ ദൈർഘ്യമുള്ള മലയോര ഹൈവേ വലിയ പുരോഗതി കൈവരിച്ചതായും മന്ത്രി പറഞ്ഞു. 13 ജില്ലകളിലൂടെ കടന്നുപോകുന്ന ഈ പദ്ധതി കാർഷികവും ടൂറിസം മേഖലയെയും ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതുപോലെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 9 ജില്ലകളിലൂടെ കടന്നുപോകുന്ന തീരദേശ പാത ഘട്ടംഘട്ടമായി നടപ്പിലാക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ഏകദേശം 600 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാതയിൽ ഓരോ 50 കിലോമീറ്ററിലും യാത്രക്കാർക്ക് വിശ്രമിക്കാൻ കംഫർട്ട് സ്റ്റേഷനുകൾ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
റോഡ് വികസനത്തിനായി മാത്രം ഏകദേശം 35,000 കോടി രൂപയാണ് സർക്കാർ വിവിധ പദ്ധതികളിലൂടെ നീക്കിവച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ബജറ്റ് ഫണ്ടിനൊപ്പം കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ്, നബാർഡ്, റീബിൽഡ് കേരള ഇൻഷിയേറ്റീവ് തുടങ്ങിയ പദ്ധതികളുടെ സഹായത്തോടെയാണ് വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാലനിർമ്മാണ രംഗത്തും വലിയ പുരോഗതി കൈവരിച്ചതായും മന്ത്രി പറഞ്ഞു. അഞ്ചുവർഷത്തിനുള്ളിൽ 100 പാലങ്ങൾ നിർമ്മിക്കുമെന്ന ലക്ഷ്യം വെച്ചിരുന്നെങ്കിലും ഇതിനകം 150 പാലങ്ങൾ പൂർത്തിയാക്കിയതായി അദ്ദേഹം അറിയിച്ചു. നിരവധി റെയിൽവേ മേൽപ്പാലങ്ങളും ഈ കാലയളവിൽ നിർമ്മിക്കപ്പെട്ടതായി മന്ത്രി കൂട്ടിച്ചേർത്തു.
സർക്കാർ കെട്ടിട നിർമ്മാണ രംഗത്തും പുതിയ രീതികൾ നടപ്പിലാക്കിയതായും അദ്ദേഹം പറഞ്ഞു. സിവിൽ-ഇലക്ട്രിക്കൽ ടെണ്ടറുകൾ ഒന്നിച്ച് നൽകുന്ന കോമ്പോസിറ്റ് ടെണ്ടർ സംവിധാനം നടപ്പിലാക്കിയതോടെ അനാവശ്യമായ പുനർനിർമ്മാണങ്ങൾ ഒഴിവാക്കാൻ കഴിഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി.
പൊതുമരാമത്ത് വകുപ്പിന്റെ റസ്റ്റ് ഹൗസുകൾക്ക് ഓൺലൈൻ ബുക്കിംഗ് സംവിധാനം ആരംഭിച്ചതോടെ കഴിഞ്ഞ നാല് വർഷത്തിനിടെ 32 കോടിയിലധികം രൂപ വരുമാനം ലഭിച്ചതായും മന്ത്രി പറഞ്ഞു. കുറഞ്ഞ നിരക്കിൽ മികച്ച താമസ സൗകര്യം ജനങ്ങൾക്ക് ലഭ്യമാക്കാൻ ഇതിലൂടെ സാധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൽ നടപ്പിലാക്കിയ പശ്ചാത്തല വികസന പദ്ധതികൾ വരാനിരിക്കുന്ന വർഷങ്ങളിലും തുടരുമെന്നും, ഈ മുന്നേറ്റം ജനങ്ങൾ സ്വന്തം ജീവിതത്തിൽ തിരിച്ചറിയുന്ന തരത്തിൽ വികസനം മുന്നോട്ട് കൊണ്ടുപോകുമെന്നും മന്ത്രി പറഞ്ഞു.


