യുവതലമുറയെ ലക്ഷ്യമിട്ട് നിർമ്മിച്ച ഹൊറർ-ഫാമിലി കോമഡി ‘പ്രകമ്പനം’ ഇന്ന് പ്രദർശനത്തിന് എത്തി. ചിരിപ്പിക്കുന്ന മുഹൂർത്തങ്ങളും ഭയാനക ട്വിസ്റ്റുകളും ചേർന്നാണ് ചിത്രം തിയറ്ററുകളിൽ കാണാവുന്നത്. ഓരോ സീനിലും ഒളിപ്പിച്ചിരിക്കുന്ന സീക്രട്ട് എലമെൻ്റ്സും സർപ്രൈസുകളും പ്രേക്ഷകരെ ആകർഷിക്കും എന്നാണ് നിർമ്മാതാക്കളുടെ അഭിപ്രായം.
ചിത്രത്തിൽ ഗണപതി, സാഗർ സൂര്യ, അൽ അമീൻ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൊച്ചിയിലെ ഒരു മെൻസ് ഹോസ്റ്റൽ, കണ്ണൂർ എന്നിവയാണ് പശ്ചാത്തലം. ഹോസ്റ്റൽ ജീവിതത്തിലെ രസകരമായ നിമിഷങ്ങളിലേക്ക് ഹൊറർ ഘടകങ്ങൾ കടന്നുവരുന്നു. നായികയായി ശീതൾ ജോസഫ് എത്തുന്നു.
നവരസ ഫിലിംസും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോയും ചേർന്ന് ചിത്രം അവതരിപ്പിക്കുന്നു. വിജേഷ് പാണത്തൂർ സംവിധാനം ചെയ്ത ചിത്രം ശ്രീജിത്ത് കെ.എസ്, കാർത്തികേയൻ എസ്, സുധീഷ് എൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചത്. കഥ, തിരക്കഥ, സംഭാഷണങ്ങൾ നവാഗതനായ ശ്രീഹരി വടക്കനുടേതാണ്.
വൻ താരനിരയിൽ അമീൻ, കലാഭവൻ നവാസ്, രാജേഷ് മാധവൻ, മല്ലിക സുകുമാരൻ, അസീസ് നെടുമങ്ങാട്, പി. പി. കുഞ്ഞികൃഷ്ണൻ, ഗായത്രി സതീഷ്, ലാൽ ജോസ്, പ്രശാന്ത് അലക്സാണ്ടർ, സനീഷ് പല്ലി, കുടശ്ശനാട് കനകം എന്നിവർ ഉൾപ്പെടുന്നു. കൂടാതെ, മലയാളത്തിലെ പ്രമുഖ ഇൻഫ്ലുവൻസർമാരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.


