നെടുമങ്ങാട് ഗവ. കോളേജ് ക്യാമ്പസ്സിനുള്ളിൽ കുന്ന് വലിയ കല്ലുകളോടെ ഇടിഞ്ഞു വീണത് പരിഭ്രാന്തി പടർത്തി. കോളേജിന്റെ പ്രധാന കെട്ടിടത്തിനോട് ചേര്‍ന്ന ഭാഗത്തെ കുന്നാണ് ഇടിഞ്ഞത്. ആളപായമില്ല. കെട്ടിടത്തിന്റെ അത്രതന്നെ പൊക്കമുള്ള കുന്നാണ് ഇടിഞ്ഞത്. വ്യാഴാഴ്ച രാവിലെ ക്ലാസ്സ് തുടങ്ങി കഴിഞ്ഞപ്പോഴാണ് ക്ലാസ്സ് റൂമിനോട് ചേർന്ന കുന്നിന്റെ ഒരു ഭാഗം വൻ ശബ്ദത്തോടെ താഴേക്കു പതിച്ചത്.
രാവിലെ കുട്ടികള്‍ ക്ലാസിനെത്തിയപ്പോള്‍ കുന്നിന്റെ ചെറിയൊരു ഭാഗം പാറക്കല്ലുകളോടെ അടര്‍ന്നു താഴെക്കിടക്കുന്നതു കണ്ടു. ഇത് കാര്യമാക്കാതെ ക്ലാസ് തുടങ്ങി. ഒന്‍പതുമണിയോടെ വീണ്ടും കുന്നിന്റെ കൂടുതല്‍ ഭാഗം ഇടിഞ്ഞു വീഴുകയായിരുന്നു. ഇതോടെ വിദ്യാർഥികളും അദ്ധ്യാപകരും ക്ലാസ്സ് മുറികളിൽ നിന്നിറങ്ങി ദൂരേക്ക് ഓടിമാറി. തുടര്‍ന്ന് പ്രിന്‍സിപ്പല്‍ ഡോ. താര കോളോജിന് അവധി നല്കി.
അക്കോട്ടുപാറകുന്നിന്റെ ഒരു ഭാഗം ഇടിച്ചു നിരത്തിയാണ് കോളേജ് മന്ദിരങ്ങളും ക്ലാസ്സ്മുറികളും നിർമ്മിച്ചിരിക്കുന്നത്. കുന്നിടിച്ചു നിരത്തിയുള്ള അശാസ്ത്രീയമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് അപകടത്തിനിരയാക്കിയതെന്ന് ആക്ഷേപമുണ്ട്. ഇപ്പോൾ ഇടിഞ്ഞു വീണ ഭാഗത്ത് കൂടുതൽ പരിശോധന നടത്തവെ മലയുടെ പലഭാഗങ്ങളും വിള്ളൽ വീണിരിക്കുന്നതായി കണ്ടെത്തി.
അക്കോട്ടുപാറ സുരക്ഷിതമല്ലന്നും ക്ലാസ്സ് മുറികൾ പ്രവർത്തിക്കുന്ന ഷെഡ്ഡുകൾക്ക് അടുത്ത് നിൽക്കുന്ന പാറയുടെ ഭാഗങ്ങൾ നീക്കം ചെയ്യണമെന്നും കോളേജ് നിർമ്മാണ കാലത്തു തന്നെ വിദഗദ്ധർ അഭിപ്രായപ്പെട്ടിരുന്നു.മഴക്കാലവും കൂടാതെ ഉരുൾപൊട്ടലും ഉണ്ടാകുന്ന ഈ സാഹചര്യത്തിൽ മറ്റൊരു വൻ അപകടത്തിയിലേക്ക് വഴിവെക്കാതെ ഉടൻതന്നെ ഇതിന് ശാശ്വത പരിഹാരം കാണണം എന്ന് അപേക്ഷിച്ചു കെ.എസ്.യു കോളേജ് യുണിറ്റ് പ്രസിഡന്റ് വിഷ്ണു കെ.എസ് പ്രിൻസിപ്പലിന് കത്ത് നൽകി. നെടുമങ്ങാട് ഫയര്‍ഫോഴ്സ് യൂണിറ്റ് എത്തി അപകടകരമായ് മണ്ണ് നീക്കം ചെയ്തു.