വിളംബരം സ്വദേശി മനു ഭവനിൽ താമസിക്കുന്ന മനോജ് – സുജ ദമ്പതികളുടെ മകനാണ് മിഥുൻ. മാതാവ് ഗൾഫിൽ ആണ്. സംഭവമറിഞ്ഞെത്തിയ അധ്യാപകർ ഓടിയെത്തി അകലെയുള്ള ട്രാൻസ്ഫോർമറിൻ്റെ ഫ്യൂസ് ഊരി രക്ഷിക്കാൻ ശ്രമിച്ചു. തേവലക്കര കെഎസ്ഇബി ഉദ്യോഗസ്ഥരും പെട്ടെന്ന് നടപടികൾ നീക്കി ഫീഡർ ഓഫ് ചെയ്തു. അധ്യാപകർ മുകളിൽ കയറി മിഥുനെ താഴെയിറക്കി ശാസ്താംകോട്ട താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വ്യാഴാഴ്ച രാവിലെ 9.15 ഓടെയായിരുന്നു സംഭവം.
അപകട സാധ്യതയുള്ള നിലയിൽ വൈദ്യുത ലൈനുകൾ വിദ്യാഭ്യാസ സ്ഥാപനത്തിനുമുകളിൽ കടന്നുപോകുന്നതുമായി ബന്ധപ്പെട്ട്, നാട്ടുകാരും രക്ഷിതാക്കളും മുൻകാലങ്ങളിൽ തന്നെ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെന്നും, നടപടിയില്ലായ്മ ഈ ദാരുണാന്തത്തിലേക്കു നയിച്ചതാണെന്നുമാണ് ആക്ഷേപം.
കെ.എസ്.ഇ.ബി-യുടെ ഭാഗത്ത് നിന്നും ഗുരുതരമായ സുരക്ഷാ വീഴ്ച ഉണ്ടായിട്ടുണ്ട്. വർഷങ്ങളായി വിദ്യാലയ മുകളിലൂടെ കടന്നുപോകുന്ന വൈദ്യുത ലൈൻ മാറ്റാൻ നടപടിയുണ്ടാകാത്തത് രക്ഷിതാക്കളുടെ പ്രധാനമായ വിമർശനമാണെന്ന് പിടിഎ അംഗങ്ങൾ പറഞ്ഞു.
വിദ്യാഭ്യാസ വകുപ്പ് മന്ത്രി സംഭവം ഗൗരവമായി കൈകാര്യം ചെയ്തിട്ടുണ്ട്. ഉയർന്നതല അന്വേഷണ റിപ്പോർട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടറോട് തേടിയിട്ടുണ്ട്.
വിദ്യാലയങ്ങൾ തുറക്കുന്നതിനു മുമ്പ് സുരക്ഷാ പരിശോധന നിർബന്ധമാക്കി നൽകിയ സർക്കുലർ ഇവിടെ ലംഘിക്കപ്പെട്ടതായും ആരോപണമുണ്ട്. സംഭവം വിദ്യാർത്ഥികളിലെയും രക്ഷിതാക്കളിലെയും അതീവ ആശങ്കയ്ക്ക് ഇടയാക്കി. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള അടിയന്തര നടപടികൾ ആവശ്യപ്പെട്ട് വിവിധ സംഘടനകളും രംഗത്തുണ്ട്.