2020 മാര്‍ച്ചോടെ ആശുപത്രിയും 2021 ഓടെ മെഡിക്കല്‍ പ്രവേശനവും
തിരുവനന്തപുരം : പത്തനംതിട്ട കോന്നി മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ആശുപത്രി കെട്ടിടത്തിന്റെ 90 ശതമാനം നിര്‍മാണ പ്രവര്‍ത്തനങ്ങളും അക്കാഡമിക് ബ്ലോക്കിന്റെ 80 ശതമാനം പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2020 മാര്‍ച്ച് മാസത്തോടെ മെഡിക്കല്‍ കോളേജ് ആശുപത്രി പ്രവര്‍ത്തനസജ്ജമാക്കാന്‍ കഴിയും. 2021 ഓടെ എം.സി.ഐ. അംഗീകാരത്തോടെ 50 എം.ബി.ബി.എസ്. വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നേടാനുള്ള നടപടിക്രമങ്ങളും പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. കോന്നി മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തുന്നതിന് വേണ്ടി വിളിച്ചുകൂട്ടിയ ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
പത്തനംതിട്ടയില്‍ ഒരു മെഡിക്കല്‍ കോളേജ് തുടങ്ങുന്നതിന് 2012ല്‍ റവന്യു വകുപ്പിന്റ 50 ഏക്കര്‍ ഭൂമി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കൈമാറിയിരുന്നു. കോന്നി മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കു മാത്രമായി നാളിതുവരെ 109.31 കോടി രൂപയാണ് നല്‍കിയിട്ടുള്ളത്. തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളുടെ ബില്ല് നല്കുന്ന മുറയ്ക്ക് കാലതാമസം കൂടാതെ തുക അനുവദിക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആശുപത്രി സമുച്ചയത്തിന്റെ 90 ശതമാനം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും 85 ശതമാനം മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, പ്ലംബിംങ്ങ് ജോലികളും നടന്നുകഴിഞ്ഞു. ഇതോടൊപ്പം ആരംഭിച്ച അക്കാഡമിക്ക് ബ്ലോക്കിന്റെ തുടര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരുന്നു.
ഇവിടത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ തടസം സൃഷ്ടിച്ചത് പാറ നീക്കം ചെയ്യുക എന്നതായിരുന്നു. രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളിലും പാറ നീക്കം ചെയ്യുന്നതിനെപ്പറ്റിയും യോഗം ചര്‍ച്ച ചെയ്തു.
രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കിഫ്ബിയില്‍ നിന്നും ഫണ്ട് ലഭ്യമാക്കുന്നതിന് 371.72 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിരുന്നു. ഇതില്‍ 264.50 കോടി രൂപ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കും 87.22 കോടി രൂപ ഉപകരണങ്ങള്‍ക്കും ഫര്‍ണിച്ചറുകള്‍ വാങ്ങുന്നതിനും വേണ്ടിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
രണ്ടാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പ്രധാനമായും വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍, അധ്യാപക അനധ്യാപക ജീവനക്കാരുടെ ക്വോര്‍ട്ടേഴ്സ്, 200 കിടക്കകളുള്ള ആശുപത്രിയുടെ രണ്ടാം ഘട്ടം, അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്ക് മുതലായവ ഉള്‍പ്പെടും. ഈ സാമ്പത്തിക വര്‍ഷത്തില്‍ 11.99 കോടി രൂപ കോന്നി മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തികള്‍ക്കായി ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വട്ടമണ്‍ മുതല്‍ മെഡിക്കല്‍ കോളേജ് വരെയുള്ള റോഡിന്റെ നിര്‍മ്മാണം നവംബര്‍ മാസത്തോടെ പൂര്‍ത്തിയാക്കുന്നതാണ്. എം.സി.ഐ.യുടെ അംഗീകാരത്തോടെ 100 വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നതിന് 200 കിടക്കകളുള്ള ആശുപത്രിയുടെ രണ്ടാം ഘട്ടം പൂര്‍ത്തികരിക്കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ആന്റോ ആന്റണി എം.പി., എം.എല്‍.എ.മാരായ രാജു എബ്രഹാം, വീണ ജോര്‍ജ്, കളക്ടര്‍ പി.ബി. നൂഹ്, മറ്റ് ജന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.




