തിരുവനന്തപുരം : ഓള് കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് സ്ഥാപക ജനറല്‍ സെക്രട്ടറി അഴീക്കല്‍ പറയിടത്ത് വീട്ടില്‍
എസ്. ശാരംഗപാണി അന്തരിച്ചു. 91 വയസായിരുന്നു. ശാരംഗപാണി പള്ളുരുത്തി ഗവണ്മെന്റ് യു.പി സ്കൂള്‍ റിട്ടയേര്‍ഡ് ഹെഡ്മാസ്റ്റര് ആയിരുന്നു. ആദ്യകാലത്ത് സത്യന് സ്റ്റുഡിയോ കളര്‍ ലാബിന്റെ ഉടമയായിരുന്നു. ധാരാളം ശിഷ്യര്‍ അദ്ദേഹത്തിനുണ്ടായിരുന്നു. വാര്‍ദ്ധ്യക സഹജമായ അസുഖം നിമിത്തം ഞായറാഴ്ച യായിരുന്നു അന്ത്യം. മകളുടെ മാമങ്കലം നേതാജി റോഡിലുള്ള വസതിയില്‍ വച്ച് നടത്തുന്ന മരണാനന്തര ചടങ്ങുകള്‍ക്കും പൊതുദര്‍ശനത്തിനും ശേഷം സംസ്ക്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 2മണിക്ക് എറണാകുളം പച്ചാളം ശ്മശാനത്തില്‍ വെച്ച് നടത്തും.
സ്വന്തം ഗുരുവിനെ പോലും അംഗീകരിക്കാതെ ഫോട്ടോഗ്രാഫര്‍മാര്‍ പരസ്പരം കലഹിച്ചും പാര പണിതും ഒരു കൂട്ടായ്മയുമില്ലാതെ നടന്നിരുന്ന കാലം. അക്കാലത്ത് ഫോട്ടോഗ്രാഫര്‍മാരെ ഒന്നിപ്പിച്ച് എ കെ.പി.എ. എന്ന സംഘടന രൂപീകരിച്ചപ്പോള്‍ അതിന്റെ നേതൃത്വ നിരയില്‍ ശാരംഗപാണി യുണ്ടായിരുന്നു. തുടര്‍ച്ചയായി 8 വര്‍ഷം ജനറല്‍ സെക്രട്ടറിയായി.
ശാരംഗപാണി സാർ ഒരു ഫോട്ടോഗ്രാഫറല്ല. നല്ലൊരു അധ്യാപകനായിരുന്നു.എന്നിട്ടും ഫോട്ടോഗ്രാഫര്‍മാരുടെ സംഘടനയുടെ സ്ഥാപക നേതാക്കളിലൊരാളായി. അദ്ദേഹത്തിന്റെ സംഘടനാ ശേഷി തന്നെയാണ് അതിനു കാരണം.84-ല്‍ പള്ളുരുത്തി ഗവണ്മെന്റ് യു.പി.സ്കൂളില്‍ നിന്നും വിരമിക്കുന്ന സമയത്ത് കെ ജി ടി എ യുടെ സംസ്ഥാന കമ്മറ്റിയംഗം, എഫ് എ സി റ്റി യുടെ ജില്ലാ കമ്മറ്റിയംഗം ,വര്‍ക്കേഴ്സ് കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി സംസ്ഥാന നേതാവ് തുടങ്ങി ഒട്ടേറെ പദവികള്‍ അദ്ദേഹം വഹിച്ചിരുന്നു. ഈ മേഖലകളിലെല്ലാം അദ്ദേഹം പ്രകടിപ്പിച്ച കഴിവിന്റെ അടിസ്ഥാനത്തില്‍ത്തന്നെയാണ് എ കെ പി എ യുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനവും ശാരംഗപാണിയില് വന്നു ചേര്‍ന്നത്.സംഘടന തുടങ്ങിയ കാലം മുതല്‍ ഇതിനോട് ശത്രുത പുലര്‍ത്തിയിരുന്നവര്‍ ധാരാളമുണ്ടായിരുന്നു.അവരോടെല്ലാം സൗഹാര്‍ദ്ദപരമായ നിലപാടു സ്വീകരിച്ചു കൊണ്ട് അവരെ യോജിപ്പിച്ചു കൊണ്ടു പോകുകയാണ് അന്ന് ചെയ്തിട്ടുള്ളത് . ഏ – കെ.പി .എ യ്ക്കെതിരെ പല സ്ഥലങ്ങളിലും സംഘടനകള്‍ രൂപം കൊള്ളാന്‍ ശ്രമിച്ചപ്പോഴെല്ലാം സൗഹാര്‍ദ്ദപരമായ നിലപാടു സ്വീകരിച്ച് അതെല്ലാം ഒഴിവാക്കാന്‍ ശാരംഗപാണിയുടെ നേതൃത്വ നിരയ്ക്ക് സാധിച്ചു.
ഏ.കെ.പി എ യുടെ മൂന്നാം സംസ്ഥാന സമ്മേളനം ആലപ്പുഴയില്‍ നടന്നപ്പോള്‍ മുന്‍ മുഖ്യമന്ത്രിയും ട്രേഡ് യൂണിയന് പ്രവര്‍ത്തന രംഗത്തെ പ്രശംസനീയമായ ശൈലി കാഴ്ചവച്ചിട്ടുള്ള സി.അച്ചുത മോനോന് പറഞ്ഞ വാക്കുകള്‍ ശാരംഗപാണി അഭിമുഖത്തില്‍ ഓര്‍മിപ്പിച്ചു. ബാലറ്റു പേപ്പറിലൂടെ കമ്മ്യൂണിസ്റ്റു പാര്‍ട്ടി അധികാരത്തില്‍ വന്ന കേരളമാണ് ലോകത്തിലാദ്യമായി ഫോട്ടോഗ്രാഫേഴ്സിനെ സംഘടിപ്പിക്കുന്നത്. അതായിരുന്നു എ.കെ.പി.എ.
ഫോട്ടോഗ്രാഫിയെ ഒരു തൊഴില്‍ മാത്രമായി കാണാതെ അതിനെ കലാപരമായും കാണണമെന്നും അദേഹം പറയുമായിരുന്നു.
പുതിയ തലമുറ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ശാരംഗപാണിയുടെ ഒത്തിരി പൊരുള്‍ മനസിലാക്കുവാന്‍ ബാക്കി നിര്‍ത്തിയാണ് അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞത്.
ഭാര്യ: പരേതയായ ശാന്താകുമാരി, മക്കള്‍: പരേതനായ സന്തോഷ്.എസ് , സുമ സോമനാഥന്, സുജാത സുനില്‍, സുനില്‍കുമാര്‍ . മരുമക്കള്‍: പരേതനായസോമനാഥന് , സുനില്‍കുമാര്‍, ദീപ്തി സുനില്‍കുമാര്‍.