തിരുവനന്തപുരം : മാറനല്ലൂരിൽ പുന്നാവൂരിൽ പോലീസുകാരൻ ഓടിച്ച കാർ നിയന്ത്രണം തെറ്റി കാർ വൈദ്യുത പോസ്റ്റിൽ ഇടിച്ച് അപകടത്തിൽ പെട്ടു. കാർ യാത്രക്കാരനായ ചെങ്കൽ സ്വദേശി രാജേഷ് ആണ് മരിച്ചത്. കാറിൽ ഉണ്ടായിരുന്ന മറ്റു യാത്രക്കാരായ ഷിജു, സനൽ എന്നിവർക്കും പരിക്കേറ്റു. ഇവരെ മാറനല്ലൂരിൽ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. മദ്യ ലഹരിയിൽ കാർ ഓടിച്ചിരുന്ന പോലീസുകാരനെ പോലീസ് കസ്റ്റഡിയിൽ എടുത്തു . ഇയാൾ മദ്യപിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. മാറനല്ലൂർ ചാനൽ പാലത്തിനു സമീപമാണ് അപകടം നടന്നത്.
മാറനല്ലൂരിൽ ഒരു വിവാഹത്തിന് പങ്കെടുത്ത ശേഷം അരുവിക്കരയിൽ പോയി മടങ്ങവേ ആണ് കാർ അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ കാറും പൂർണ്ണമായും തകർന്നു. വൈദ്യുത പോസ്റ്റ് മൂന്നായി മുറിഞ്ഞു. കാറിനു പുറകിൽ ഇരുന്ന മൂന്നുപേരിൽ ഒരാളാണ് അപകടത്തെ തുടർന്ന് മരിച്ചത്. എയർ ബാഗ് പ്രവർത്തിച്ചതിനാൽ മുന്നിലിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഡ്രൈവർ ഉൾപ്പടെ കാറിൽ അഞ്ചു പേരാണ് ഉണ്ടായിരുന്നത്. മാറനല്ലൂർ എസ്. എച്. ഒ രതീഷിന്റെ നേതൃത്വത്തിൽ പോലീസ് എത്തി തുടർ നടപടികൾ സ്വീകരിച്ചു.