സുജി കല്ലാമം
നെയ്യാർഡാം: സെയ്ൻ്റ് അന്നാസ് സ്കൂളിലെ കുട്ടികൾക്ക് ആ ദിവസം ഏറെ പ്രത്യേകമായിരുന്നു. പുസ്തകങ്ങളും പേനകളും വിട്ട്, അവർ എല്ലാവരും ചെറിയൊരു പാടത്തേക്ക് നടന്നു. ചെറുകൈകളിൽ തഴച്ച് നിൽക്കുന്ന നെൽച്ചെടികൾ.
ഇതാണ് നമ്മുടെ മുഖ്യ ആഹാരമായ ചോറ് കിട്ടുന്ന നെല്ല്,” എന്ന് അധ്യാപിക പറഞ്ഞപ്പോൾ, കുട്ടികളുടെ കണ്ണുകളിൽ കൗതുകം നിറഞ്ഞു.
കർഷകയായ പുഷ്പാശോഭി ചേട്ടത്തി കുട്ടികളെ വയലിൽ ഇറക്കി മാർഗ്ഗനിർദ്ദേശം നൽകി.
കുട്ടികൾ കളിയോടെയും ചിരിയോടെയും നെൽ നടി തുടങ്ങി. ചെറുകൈകളിൽ നിന്ന് മണ്ണിലേക്ക് പതിച്ച ഓരോ തൈകളും ഭാവിയിലെ വിളവിന്റെ പ്രതീക്ഷയായി മാറി.
പക്കൽ നിന്ന അധ്യാപകരും രക്ഷിതാക്കളും അത് നോക്കി സന്തോഷിച്ചു. ഇന്നത്തെ അനുഭവം ഇവരുടെ ഹൃദയത്തിൽ നിത്യമായി ഓർമ്മയായിരിക്കും എന്ന് ഹെഡ്മാസ്റ്റർ പറഞ്ഞു. ചെറു മണ്ണുപാടത്ത് നിന്നുയർന്ന മണം കുട്ടികൾക്കു ഭക്ഷണത്തിന്റെ വിലയും കർഷകന്റെ പ്രയാസവും മനസിലാക്കി കൊടുത്തു.
വിദ്യാർത്ഥികൾക്ക് നെൽകൃഷിയുടെ പ്രായോഗിക അറിവ് നൽകുന്നതിനായി സ്കൂൾ കള്ളിക്കാട് പാട്ടേക്കോണത്ത് നെൽപ്പാടം ഒരുക്കിയാണ് കൃഷി ആരംഭിച്ചത്.
ശലഭം ബാലകർഷക ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സെയ്ൻ്റ് അന്നാസ് സ്കൂളിൽ നടന്ന ഞാറ് നടീൽ ഉത്സവം സ്കൂൾ മാനേജർ റവ. ഫാ. ബിനു വർഗീസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് പന്തശ്രീകുമാർ, പഞ്ചായത്ത് അംഗങ്ങളായ ദിലീപ്, ശ്രീകല, ബിന്ദു വി. രാജേഷ് എന്നിവർക്കൊപ്പം ഹെഡ്മാസ്റ്റർ സെൽവരാജ് ടി, അധ്യാപകരായ സിൻസി കെ. ഫ്രാൻസിസ്, ലിജി, ചൈതന്യ, അശ്വതി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. മദർ പി.ടി.എ. പ്രസിഡൻ്റ് പ്രിയ രാജീവ്, മറ്റു അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു.