നെയ്യാറ്റിൻകര : നെയ്യാറ്റിൻകര പൊഴിയൂരിൽ 75കാരി ലില്ലിപുഷ്പം മരിച്ചെന്ന സംശയത്തിൽ ഇൻക്വസ്റ്റ് തയ്യാറാക്കാനെത്തിയ പോലീസിനെ അമ്പരപ്പിച്ചുകൊണ്ട് വൃദ്ധയ്ക്ക് ജീവൻ ഉണ്ടെന്ന് കണ്ടെത്തി. ഇന്നലെ വൈകിട്ട് സ്ഥലത്തെത്തിയ പൊഴിയൂർ പോലീസ്, പ്രാഥമിക പരിശോധനയിൽ ഹൃദയമിടിപ്പും ശ്വാസവും ഉണ്ടെന്ന് ബോധ്യപ്പെട്ടതോടെ, ബന്ധുക്കളോടൊപ്പം ഇവരെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
തുടർന്ന് തിരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ നിർദ്ദേശിച്ചു. ബന്ധുക്കൾ നെയ്യാറ്റിൻകരയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ബെഡ് ലഭ്യമല്ലാത്തതിനാൽ വീണ്ടും മെഡിക്കൽ കോളേജിലേക്ക് മാറ്റണമെന്ന് അവിടെ നിന്ന് ആവശ്യപ്പെട്ടു.
ഒറ്റയ്ക്കു താമസിക്കുന്ന ലില്ലിപുഷ്പത്തെ മരിച്ച നിലയിൽ കിടന്നതായി നാട്ടുകാരാണ് ആദ്യം പോലീസിൽ അറിയിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച വരെ പള്ളിയിൽ എത്തിയതായി അവർ പറയുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ചികിത്സാ സൗകര്യം നിഷേധിച്ചതാണോ എന്ന സംശയം നാട്ടുകാരിൽ ഉണ്ട്. അവസാനം ബന്ധുക്കൾ വൃദ്ധയെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധം ഉയർത്തി.