ആര്യനാട് : ഉഴമലയ്ക്കൽ ശ്രുതി ഭവനിൽ ശ്രീലാൽ (26)നെ ആണ് ആര്യനാട് പോലീസ് അറസ്റ്റ് ചെയ്തത്. കാപ്പ നിയമപ്രകാരം പുറപ്പെടുവിച്ച നാടുകടത്തൽ ഉത്തരവ് ലംഘിച്ച പ്രതി നാട്ടിൽ തിരിച്ചെത്തി വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്ന് ആണ് അറസ്റ്റിലായത്.
2007 ലെ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമത്തിലെ സെക്ഷൻ 15(1)(a) പ്രകാരമാണ് നടപടി. ശ്രീലാൽ ആര്യനാട്, സമീപ പ്രദേശങ്ങളിൽ കവർച്ച, വധശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു. മുമ്പ് കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലുണ്ടായിരുന്നു. 29.04.2025-ന് ഡി.ഐ.ജിയുടെ ഉത്തരവിലൂടെ ആറുമാസത്തേക്ക് തിരുവനന്തപുരം ജില്ലയിൽ നിന്നും നാടുകടത്തിയത്.
ഇത്തരം നിലവിലുള്ള നാടുകടത്തൽ ഉത്തരവ് ലംഘിച്ച് ജില്ലയിൽ തിരികെ എത്തിയതിന്റെ രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് നടപടി. ആര്യനാട് എസ്.ഐ അജീഷ് വി.എസ്, സി.പി.ഒമാരായ ശ്രീജിത്ത്, പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അതിസാഹസികമായി പിടികൂടിയത്.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സാമൂഹ്യവിരുദ്ധർ, ഗുണ്ടകൾ എന്നിവർക്കെതിരെയുള്ള പോലീസ് നടപടികൾ ശക്തമാകുന്നതിന്റെ ഭാഗമായാണ് ഈ അറസ്റ്റ് എന്ന് പോലീസ് പറഞ്ഞു.