നെടുമങ്ങാട് : ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്തിലെ കുരിയാത്തിയിൽ ആണ് സംഭവം. കുര്യാത്തി ശ്രീകൃഷ്ണ വിലാസത്തിൽ ശ്രീകുമാറിന്റെ മകളായ ആതിരാ ശ്രീകുമാറാണ്(25) ഇക്കഴിഞ്ഞ ആറാം തീയതി സ്വയം ജീവനൊടുക്കിയത്. 9 മണിയോടെ പെൺകുട്ടിയുടെ അമ്മയുടെ അനുജത്തിയുടെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കാണുന്നത്.
യുവതി ആത്മഹത്യ ചെയ്യാനുള്ള കാരണം പുറത്തുകൊണ്ടു വരണമെന്നു ആവശ്യപ്പെട്ടാണ് ബന്ധുക്കൾ പരാതിയുമായി രംഗത്തെത്തിയത്. വിവാഹ വാഗ്ദാനത്തില്‍ നിന്നും വരന് പിന്മാറിയതാണ് മരണത്തിന് കാരണമെന്നാണ് കുടുംബത്തിന്റെ പരാതി.
2022 നവംബർ മാസം 13 ആം തിയതി പനയമുട്ടം സ്വാതി ഭവനിൽ സോനുവുമായി വിവാഹ നിശ്ചയം നടത്തുകയും 2023 ഏപ്രിൽ മാസം 30 ന് വിവാഹം നടത്താനും തീരുമാനിച്ചിരുന്നു. വിവാഹ ക്ഷണകത്ത് അടിച്ചു ബന്ധുക്കളെയും നാട്ടുകാരെയും ക്ഷണിക്കാനിരിക്കെയാണ് പ്രതിശ്രുത വധു ആത്മഹത്യ ചെയ്തത്.
സോനുവുമായി വിവാഹ നിശ്ചയത്തിന് ശേഷം ആദ്യ രണ്ടു മാസം നല്ല ബന്ധത്തിലായിരുന്നു. പിന്നീട് തിരുവനന്തപുരം വട്ടിയൂർക്കാവ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്വാകാര്യ കമ്പനിയായ സ്മാർട്ട് കൺസ്ട്രക്ഷനിൽ ജോലിയുണ്ടെന്ന് അവകാശപ്പെട്ടിരുന്ന സോനുവിന്റെ സ്വഭാവത്തിൽ മാറ്റം വന്നതായി ബന്ധുക്കൾ പറയുന്നു.
സ്ത്രീധനം വേണ്ട എന്ന് പറഞ്ഞാണ് മകളുടെ കല്യാണം ഉറപ്പിച്ചത്. എന്നാൽ തനിക്കു വലിയൊരു അപകടം സംഭവിച്ചു എന്നും പറഞ്ഞും അല്ലാതെയും ആതിരയുടെ പിതാവിൽ നിന്നും പണം വാങ്ങിയതായും പിതാവ് ശ്രീകുമാർ പറഞ്ഞു. അതേപോലെ ഗൾഫിൽ ജോലി നോക്കുന്ന സഹോദരന്റെയും കൈയ്യിൽ നിന്നും പല പ്രാവശ്യം പണം നൽകിയതായി പരാതിയിൽ പറയുന്നു. കൂടതെ തിരുവനന്തപുരം ഇടപ്പഴിഞ്ഞിയിലെ എസ് കെ ആശുപത്രിയിൽ ആറു വർഷമായി ആതിര ജോലി നോക്കി വരികയായിരുന്നു. ആതിരയ്ക്ക് ജോലി ചെയ്ത് കിട്ടിയ ശമ്പളവും പല പ്രാവശ്യം സോനുവിന് നൽകിയതായി പരാതിയിൽ പറയുന്നു.
പിന്നീട് പണം നൽകാത്തതിനാൽ കല്യാണം നടക്കില്ല എന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. തുടർന്ന് കല്യാണത്തിൽ നിന്ന് പിന്മാറുന്നുവെന്ന് ഫോണിലൂടെ സോനുവിന്റെ പിതാവ് ശ്രീകുമാറിനെ വിളിച്ചറിയിക്കുകയായിരുന്നു. അന്ന് തന്നെ ശ്രീകുമാർ മകളെ വീട്ടിലേക്കു വരുത്തി വിവങ്ങൾ മകളോട് പറഞ്ഞു. മകൾ തിരികെ പോകുകയും അന്ന് സോനു മകളെ ഫോണിൽ വിളിച്ചിരുന്നു എന്നും ഇതിനു ശേഷം ആണ് മകൾ ആത്മഹത്യാ ചെയ്തതും എന്നും ശ്രീകുമാർ പറയുന്നു.
കല്യാണ ലെറ്റർ ഉൾപ്പെടെയുള്ള ഒരുക്കൾ പൂർത്തിയായിരിക്കെ പെട്ടെന്നുള്ള കല്യാണത്തിൽ നിന്നുള്ള പിൻമാറ്റമാണ് ആതിരയെ ആത്മഹത്യയ്ക്ക് പ്രേരണയായത് എന്ന് മാതാപിതാക്കൾ ആരോപിക്കുന്നു. ഈ വിവാഹം നടന്നിലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് ആതിര പറഞ്ഞതായി ബന്ധുക്കൾ ആരോപിച്ചു. സോനുവിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാകൾ നെടുമങ്ങാട് ഡിവൈഎസ് പി ക്കും വലിയമല എസ് എച്ച് ഒക്കും പരാതി നൽകി. നീതി കിട്ടിയില്ലെങ്കില്‍ മുഖ്യമന്ത്രിക്കും മനുഷ്യാവാകാശ കമ്മീഷനും പരാതി നല്‍കുമെന്ന് പെണ്‍കുട്ടിയുടെ കുടുംബം പറഞ്ഞു.