തിരുവനന്തപുരം : മെഴുകുതിരിയിൽ നിന്ന് തീ പടര്‍ന്ന് ഗൃഹനാഥന് ഗുരുതരമായി പൊള്ളലേറ്റു. കാര്യവട്ടം പിണയ്ക്കോട്ടുകോണം രാജേഷ് ഭവനിൽ സോമന് (71) ആണ് ഗുരുതരമായി പൊള്ളലേറ്റത്. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി ഒരു മണിയോടെയാണ് സംഭവം. സോമൻ കിടന്നുറങ്ങുകയായിരുന്ന മുറിയിൽ നിന്നും തീ പടരുകയായിരുന്നു. വൈദ്യുതിയില്ലാത്തതിനാൽ കത്തിച്ചു വച്ച മെഴുകുതിരിയിൽ നിന്നാകാം തീ പടർന്നതാകാം എന്നാണ് നിഗമനം.
മുറിക്കുള്ളിലെ സകല വസ്തുക്കളും അഗ്നിക്കിരയായി. തീ പിടിച്ച ജനാല തൊട്ടടുത്ത മുറിയിൽ ഉറങ്ങുകയായിരുന്ന സോമന്റെ ഭാര്യ അമ്പിളിയുടെ ദേഹത്ത് വീണപ്പോഴായിരുന്നു മറ്റുള്ളവർ തീപിടിച്ച വിവരം അറിഞ്ഞത്. അപ്പോഴേക്കും വീട് മുഴുവൻ പുക നിറഞ്ഞിരുന്നു. സോമന്റെ നിലവിളി കേട്ട മക്കളും അയൽവാസികളും ചേർന്നാണ് ഇയാളെ രക്ഷപ്പെടുത്തിയത്. തുടർന്ന്, കഴക്കൂട്ടത്തു നിന്നെത്തിയ ഫയർഫോഴ്സ് സംഘം എത്തി തീയണച്ചു.