തിരുവനന്തപുരം : കാട്ടാക്കട നിയോജക മണ്ഡലത്തെ സ്ത്രീ സൗഹൃദ മണ്ഡലമാക്കുന്നതിനായി ഐ.ബി.സതീഷ് എം.എൽ.എയുടെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന ഒപ്പം പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ വനിതകൾക്കായി തൊഴിൽ മേള സംഘടിപ്പിച്ചു. കേരള നോളഡ്ജ് എക്കണോമി മിഷൻ ഡയറക്ടർ ഡോ.പി.എസ് ശ്രീകല തൊഴിൽ മേള ഉദ്ഘാടനം ചെയ്തു.
അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ പശ്ചാത്തലത്തിൽ ഒപ്പം പദ്ധതിയുടെ വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് തൊഴിൽ മേള സംഘടിപ്പിച്ചത്. "ഒപ്പം ജോബ് ഫോർ ഹെർ" എന്ന പേരിൽ സംഘടിപ്പിച്ച തൊഴിൽ മേളയിൽ 18 വയസിനും 45 വയസിനും ഇടയിലുള്ള കാട്ടാക്കട മണ്ഡലത്തിലെ താമസക്കാരായ 300 ലധികം തൊഴിലന്വേഷകരും 20 തൊഴിൽ ദായകരും പങ്കെടുത്തു.
മണ്ഡലത്തിലെ 6 ഗ്രാമ പഞ്ചായത്തുകളുടെയും സർക്കാർ വകുപ്പുകളുടെയും കുടുംബശ്രീയുടെയും സ്വകാര്യ കമ്പനികളുടെയും സഹകരണത്തോടെ നടത്തിയ പ്രസ്തുത മേളയിൽ എച്ച്.ഡി.എഫ്.സി, എസ്.ബി.ഐ, ക്യൂ.ആർ.എസ്, മാക്സ് ലൈഫ്, കലിംഗൽ ആട്ടോമൊബൈൽസ്, ഐ.എം.ജി, പാരനോയ, നെയ്യാർ മെഡിസിറ്റി, എഡ്യു ജോബ്സ് അക്കാദമി, ശുശ്രുത തുടങ്ങിയ വിവിധ ബിസിനസ് മേഖലകളിലുള്ള തൊഴിൽ ദാതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് അവർക്ക് ഉദ്യോഗാർത്ഥികളുമായി നേരിട്ട് സംവദിക്കാനും അഭിമുഖങ്ങൾ നടത്താനും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയാണ് മേള സംഘടിപ്പിച്ചത്.
സ്വയം തൊഴിൽ തുടങ്ങാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് സംരംഭകത്വ പരിശീലന സെമിനാറും സംഘടിപ്പിച്ചു. വെബ്സൈറ്റ് മുഖേന 350 ലധികം പേരും സ്പോട്ട് റജിസ്ട്രഷൻ മുഖേന 50 പേരും രജിസ്റ്റർ ചെയ്തിരുന്നു. ഇവരിൽ 300 പേർ മേളയിൽ പങ്കെടുത്തു. ഇവരിൽ 37 പേരെ വിവിധ കമ്പനികൾ തുടർ അഭിമുഖങ്ങൾക്കായി ചുരുക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് കൂടാതെ ഒപ്പം ജോബ് ഫോർ ഹെർ തൊഴിൽമേളയുടെ വെബ്സൈറ്റ് മുഖേന ലഭ്യമായ അപേക്ഷകൾക്ക് തുടർന്ന് വരുന്ന ഒഴിവുകളിൽ മുൻഗണന നൽകുമെന്ന് പങ്കെടുത്ത കമ്പനികൾ അറിയിച്ചിട്ടുണ്ട്.
സ്ത്രീ തൊഴിലന്വേഷകർക്കും തൊഴിൽ ദാതാക്കൾക്കും പരസ്പരം കാണാനും അഭിമുഖം നടത്താനുമുള്ള ഒരു വേദി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച വനിതാ തൊഴിൽമേള എല്ലാ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചും സംഘടിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഐ.ബി.സതീഷ് എം.എൽ.എ അറിയിച്ചു.