വിളവൂർക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റ്റി.ലാലി മുരളി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പള്ളിച്ചൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.ശശികല സ്വാഗതമാശംസിച്ചു. പള്ളിച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റ്റി.മല്ലിക, വിളവൂർക്കൽ ഗ്രാമ പഞ്ചായത്തംഗം കെ.ഹരിപ്രീയ എന്നിവർ ആശംസകളറിയിച്ച് സംസാരിച്ചു.
മണ്ഡലത്തിലെ പ്രധാന ഇടങ്ങളിൽ സ്ത്രീ സൗഹൃദ വിശ്രമ കേന്ദ്രങ്ങൾ നിർമ്മിച്ചത് ശ്രദ്ദേയവും ജനങ്ങൾക്ക് ഏറെ ഉപയോഗപ്രഥവുമായിരുന്നു. ഇത് കൂടാതെ ആവശ്യമായ ഇടത്തെല്ലാം വ്യത്യസ്തവും യാത്രക്കാർക്ക് സൗകര്യപ്രഥവുമായ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിക്കണമെന്ന കാഴ്ച്ചപ്പാടിനെ അടിസ്ഥാനപ്പെടുത്തിയാണ് പുതിയ 14 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും നിർമ്മിച്ചിട്ടുള്ളത്. ഈ കാത്തിരിപ്പ് കേന്ദ്രങ്ങളെല്ലാം ഹരിതാഭവും പ്രകൃതി സൗഹൃദവുമാണ്. കാത്തിരിപ്പ് കേന്ദ്രങ്ങളുടെ പുറകിലും വശങ്ങളിലുമായി മുളന്തൈകൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്.
റസിഡൻസ് അസോസിയേഷനുകളും കുടുംബശ്രീയും നാട്ടുകാരും ചേർന്ന് സജ്ജീകരിച്ച ഹാങ്ങിങ്ങ് ഗാർഡൻ, സൗരോർജ്ജത്താൽ പ്രവർത്തിക്കുന്ന വെളിച്ച സംവിധാനം, വിശാലവും സൗകര്യപ്രദവുമായ കസേരകൾ എന്നിവയാണ് പ്രധാന സവിശേഷതകൾ. ഇവ വൃത്തിയായും കേടുപാടുകൾ ഉണ്ടാകാതെയും പരിപാലിക്കുന്നതിന് പ്രദേശത്തെ റസിഡൻസ് അസോസിയേഷനുകളെയും കുടുംബശ്രീ കൂട്ടായ്മകളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന ജലസമൃദ്ധിയും ജൈവസമൃദ്ധിയും മുതൽ കാർബൺ ന്യൂട്രൽ കാട്ടാക്കട വരെയുള്ള കാഴ്ച്ചപ്പാടുകളുടെയെല്ലാം ആവിഷ്കാരമുൾക്കൊള്ളും വിധമാണ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ രൂപകൽപന. നിർമ്മിച്ച ഓരോ ബസ് കാത്തിരിപ്പ് കേന്ദ്രവും കാട്ടാക്കട മണ്ഡലത്തിന്റെ കഴിഞ്ഞ 6 വർഷത്തെ വികസന കാഴ്ച്ചപ്പാടിന്റെ പ്രതീകമാണെന്ന് ഐ.ബി.സതീഷ് എം.എൽ.എ അറിയിച്ചു.