ആര്യനാട് : തിരുവനന്തപുരം ജില്ലയിലെ ആര്യനാട് പഞ്ചായത്ത് ഈഞ്ചപ്പുരി വാർഡിൽ സർക്കാറിന്റെ അധീനതയിലുള്ള മൈലമൂട് സ്ഥിതി ചെയ്യുന്ന പാറ, ഖനനത്തിന് ലൈസൻസ് നൽകാനുള്ള തീരുമാനത്തിനെതിരെയാണ് നാട്ടുകാരുടെ നേതൃത്വത്തിലുള്ള സംയുക്ത സമരസമിതി രംഗത്തെത്തിയത്.
ചില സ്വകാര്യ വ്യക്തികൾ മുൻപ് പാറ ഖനനം നടത്താൻ ശ്രമം നടത്തിയെങ്കിലും നാട്ടുകാരുടെ എതിർപ്പ് കാരണം ഉപേക്ഷിച്ചു. അന്ന്
മനുഷ്യാവകാശ കമ്മീഷൻ ഉൾപ്പെടെ സ്ഥലത്തെത്തി ജനവാസ മേഖലയിൽ പാറ പൊട്ടിക്കാൻ പാടില്ലന്ന് നിർദ്ദേശം നൽകിയിരുന്നതായി നാട്ടുകാർ പറയുന്നു.
എന്നാൽ ഇപ്പോൾ വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനായി അദാനി ഗ്രൂപ്പ് പാറ ഖനനം നടത്താൻ അനുമതി തേടിയെന്നാണ് നാട്ടുകാർ പറയുന്നത്.
അഗസ്ത്യാർ വന്യജീവി സങ്കേതത്തിന് സമീപത്ത് സ്ഥിതി ചെയ്യുന്ന പാറയുടെ താഴ്വാരത്ത് 50ഓളം കുടുംബങ്ങളാണ് താമസിക്കുന്നത്.
വിവിധ ആരാധനാലയങ്ങളും സ്കൂളുകളും ഒരു കിലോമീറ്റർ ചുറ്റളവിൽ പ്രവർത്തിച്ചു വരുന്നു.
നിർമ്മാണ പ്രവർത്തനങ്ങൾ വീണ്ടും തുടങ്ങിയതോടെ സംയുക്ത സമരസമിതി രംഗത്ത് എത്തി തടസ്സപ്പെടുത്തു കയായിരുന്നു.
മൈലമൂട് പാറ ഖനനത്തിന് പഞ്ചായത്തിൽ ലൈസൻസിനായി അപേക്ഷ ലഭിച്ചുവെങ്കിലും തീരുമാനം എടുത്തിട്ടില്ലെന്നും അദാനി ഗ്രൂപ്പ് ആണ് അപേക്ഷ നൽകിയതെന്നും പഞ്ചായത്ത് പ്രസിഡന്റ് വി.വിജുമോഹനും പഞ്ചായത്ത് സെക്രട്ടറിയും പറഞ്ഞു.
എന്നാൽ അദാനി ഗ്രൂപ്പിന്റെ പേരിൽ നാട്ടിലെ യൂത്ത് കോൺഗ്രസ് നേതാവ് അടങ്ങിയ രാഷ്ട്രീയ കക്ഷിയിൽ പെട്ടവരാണ് പാറ ഖനനം നടത്താൻ അനുമതി തേടിയതെന്നാണ് നാട്ടുകാർ പറയുന്നു.
കഴിഞ്ഞ ദിവസം പാറ ഖനനം പ്രവർത്തിക്കുന്നതിനെതിരെ നിൽക്കുന്നു എന്നാരോപിച്ച് കോൺഗ്രസ് നേതാവിന്റെ നേതൃത്വത്തിൽ യുവാവിനെ വിട്ടിനുള്ളിൽ കയറിയും സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയപ്പോഴും പൊലീസിന് മുന്നിൽ വച്ചും മർദിച്ചത് ഇതിന് ഉദാഹരണമായി നാട്ടുകാർ ചൂണ്ടി കാട്ടുന്നു. കോട്ടയ്ക്കകം കല്ലുവിളാകത്ത് ഉദയകുമാർ(44)നെയാണ് ഇന്നോവയിലെത്തിയ സംഘം മർദിച്ചത്.
മക്കളുടെ മുന്നിലിട്ടായിരുന്നു ക്രൂരമർദ്ദനം . നിലവിളി കേട്ട് നാട്ടുകാർ എത്തിയതോടെ സംഘം കടന്നു കളഞ്ഞു.
തുടർന്ന് ആര്യനാട് പോലീസിൽ പരാതി നൽകി. തുടർന്ന് ഇവരുടെ ഭീക്ഷണിയെ തുടർന്ന് പരാതി പിൻവലിച്ചു.
സ്വാകാര്യ വ്യക്തിക്ക് പാറയുടെ സമീപം കുറച്ചു ഭൂമി ഉണ്ട് ഈ സ്ഥലവും പാറ സ്ഥിതി ചെയ്യുന്ന സർക്കാർ ഭൂമിയും അളന്നു വേലികെട്ടാനുള്ള തൂണും സ്ഥാപിച്ചു. ഇത് നാട്ടുകാരും സമര സമിതിയും തടഞ്ഞെങ്കിലും. ചിലർക്കെതിരെ വധഭീഷണി ഉണ്ടെന്നും ഇവർ പറയുന്നു.
വർഷങ്ങൾക്കു മുമ്പ് ഇവിടുത്തുകാരുടെ പ്രധാന ജലസ്രോതസ്സ് ഈ പാറയിൽ നിന്നായിരുന്നു. ഈ പാറയുടെ മുകളിൽ നിന്നും ഹോസ് വഴി വീടുകളിലേക്ക് കുടി വെള്ളം എത്തിച്ചിരുന്നു എന്നും സമീപം റബ്ബർ ടാപ്പിംഗ് എത്തുന്ന തൊഴിലാളികൾ കുടിക്കാനായി പാറയ്ക്ക് മുകളിൽ കെട്ടി നിൽക്കുന്നു ജലമാണ് ഉപയോഗിച്ചിരുന്നതെന്നും നാട്ടുകാർ പറയുന്നു. അതേസമയം കാലങ്ങൾക്കു മുമ്പ് ഈ പാറയുടെ സമീപമാണ് ഉരുൾപൊട്ടൽ ഉണ്ടായതു. ശുദ്ധജല പദ്ധതിക്കായി പാറയ്ക്കു മുകളിൽ വാട്ടർ ടാങ്ക് വയ്ക്കുന്നതിന്റെ പണികൾ നടന്നുവരികയാണ് എന്നാൽ പറക്കു മുകളിൽ നിന്നും നിർമ്മാണ പ്രവർത്തനങ്ങൾ മാറ്റണമെന്ന് ആവശ്യപ്പെട്ട് തർക്കങ്ങൾ നടന്നു വരികയാണ്. സർക്കാർ ഭൂമി ആയതിനാൽ കുടിവെള്ള പദ്ധതിക്കായി പാറക്കു ടാങ്ക് സ്ഥാപിക്കുന്നതിന്റെ പണികൾ തുടരുന്നത് എന്ന് വാർഡ് മെമ്പർ പറഞ്ഞു.
പാറക്ക് ചുറ്റുമായി നെയ്യാർ, പേപ്പാറ, കരമാനയാർ എന്നിവയും ഉണ്ട്. കേന്ദ്ര വന- പരിസ്ഥിതി മന്ത്രാലയം പരിസ്ഥിതി ലോല പ്രദേശങ്ങളുടെ ഭൂപടം പ്രസിദ്ധീകരിച്ചതിൽ ആര്യനാട് പഞ്ചായത്തിലെ പാറ സ്ഥിതി ചെയ്യുന്ന ഈഞ്ചപ്പുരി വാർഡും ഉൾപ്പെട്ടിരുന്നു. ഈ സ്ഥലത്തെ 250ഓളം പേർ താമസിക്കുന്ന സ്ഥലത്താണ് ഭരണാധികാരികളുടെ ഒത്താശയോടെ പാറ ഖനനത്തിന് ഉള്ള ശ്രമം തുടങ്ങിയത്.