പൂവച്ചൽ : സിമന്റ് മായി പോയ ലോറി വിദ്യാർത്ഥിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. അപകടത്തിൽ പൂവച്ചൽ വാവറക്കോണം പേഴുംമൂട് ബി എസ് ഭവനിൽ സുരേഷ് കുമാർ ബിന്ദു ദമ്പതികളുടെ മകൻ പൂവച്ചൽ യു പി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥി ഇമ്മാനുവേൽ ആണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാവിലെ 8.45 ഓടെയാണ് അപകടമുണ്ടായത്.
സ്കൂളിലെ പരീക്ഷയ്ക്കായി രാവിലെ സഹോദരിക്കൊപ്പം പൂവച്ചൽ അംബലം ജങ്ഷനിൽ ബസിറങ്ങിയ ശേഷം ബസിനു പിന്നിലൂടെ റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേഗത്തിൽ എത്തിയ KL 03 L 8155 ലോറി ഇടിക്കുകയും വലതു വശത്തെ മുൻ ടയർ കുട്ടിയുടെ അരയിലൂടെ കയറി നിൽക്കുക ആയിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ബസിൽ കാട്ടാക്കടയിൽ യാത്ര തുടർന്ന സഹോദരി സംഭവം കണ്ടു ബഹളം വച്ച് ബസിൽ നിന്നിറങ്ങി ഓടി എത്തുമ്പോഴേക്കും ലോറി ഇമ്മാനുവലിന്റെ കാലിലൂടെ കയറി ഇറങ്ങിയിരുന്നു. സമീപ സ്ഥാപന ഉടമകളും ഓടിയെത്തിയ നാട്ടുകാരും കുട്ടികളെ സ്കൂളിൽ ആക്കാൻ എത്തിയ രക്ഷിതാക്കളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
നാട്ടുകാർ ഉടൻ തന്നെ 108 ആംബുലൻസിനായി വിളിച്ചെങ്കിലും വാഹനം ലഭിച്ചില്ല. അപകട സമയം മറ്റൊരു അത്യാവശ്യവുമായി പോകാനായി അതുവഴി വന്ന കാർ യാത്രക്കാർ സംഭവം കണ്ട് വാഹനം നിറുത്തി കുട്ടിയെ കാട്ടാക്കട സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഗുരുതര പരിക്ക് ആയതിനാൽ പ്രാഥമിക ചികിത്സ നൽകി കുട്ടിയെ മെഡിക്കൽ കോളജിലേക്ക് അയച്ചു. എസ് എ ടി യിൽ കഴിയുവുന്ന കുട്ടിയുടെ നില ഇപ്പോൾ അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
കാലിൽ ഗുരുതര പറിക്കായതിനാൽ പ്രാഥമിക ശുശ്രൂഷ നൽകി കുട്ടിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇവിടെ ശാസ്ത്രക്രീയ കഴിഞ്ഞു കുട്ടി ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലാണ്.കുട്ടിക്ക് ഓർമ്മ വന്നതായും അപകട നില തരണം ചെയ്തതായും ബന്ധുക്കൾ പറഞ്ഞു. അനാമികയും ആർച്ചയുമാണ് ഇമ്മാനുവലിന്റെ സഹോദരിമാർ.
സംഭവം നടക്കുന്ന സമയം നാട്ടുകാർ പോലീസിനെ അറിയിച്ചെങ്കിലും വിളിപ്പാടകലെയുള്ള സ്റ്റേഷനിൽ നിന്നും പോലീസ് എത്താൻ രണ്ടു മണിക്കൂറോളം എടുത്തു എന്ന് നാട്ടുകാർ ആരോപിച്ചു.