തൊടുപുഴ : ഈസ്റ്റ് മാറാടി സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ അധ്യാപകരുടെയും പി.റ്റി.എ യുടെയും വിവിധ ക്ലബുകളുടെയും നേതൃത്വത്തിൽ കോവിഡ് കാലത്ത് നടത്തിയ ജൈവ മഞ്ഞൾ കൃഷി മാതൃകയാകുന്നു.
കോവിഡ് മഹാമാരിമൂലം വിദ്യാലയങ്ങൾ അടഞ്ഞ് കിടന്നപ്പോഴാണ് അധ്യാപകരുടെയും പി.റ്റി.എ യുടെയും നേതൃത്വത്തിൽ സ്കൂൾ വളപ്പിലെ പത്ത് സെൻ്റ് സ്ഥലത്ത് വർണ്ണ ഇനത്തിൽ പ്പെട്ട മഞ്ഞൾ വിത്തുകൾ നട്ട് കൃഷി ആരംഭിച്ചത്. സംസ്ഥാന സർക്കാരിൻ്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് ഈ മഞ്ഞൾകൃഷി നടത്തിയത്. കപ്പ, ചേമ്പ്, കൂർക്ക തുടങ്ങിയവയും ഇതിനോടൊപ്പം കൃഷി ചെയ്തിരുന്നു. സ്കൂൾ അടഞ്ഞ് കിടന്നപ്പോഴും അധ്യാപികമാർ ഉൾപ്പെടെയുള്ളവർ ദിവസവും വന്ന് വെള്ളമൊഴിക്കുകയും, വളമിടുകയും, കളപറിക്കുകയും ചെയ്യുമായിരുന്നു.
മാറാടി കൃഷി ഭവനിലെ കൃഷി ഓഫീസർ എൽദോസ് എബ്രഹാമിൻ്റെ മേൽനോട്ടത്തിലായിരുന്നു ഈ മഞ്ഞൾ കൃഷി. ഹെഡ്മാസ്റ്റർ അജയൻ എ.എ, പ്രിൻസിപ്പാൾ റനിത ഗോവന്ദ്, പി.റ്റി.എ പ്രസിഡൻ്റ് പി.റ്റി.അനിൽകുമാർ, മദർ പി.റ്റി.എ ചെയർ പേഴ്സൺ സിനിജ സനിൽ, സ്കൂൾ വികസന സമിതി ചെയർമാൻ റ്റി.വി.അവിരാച്ചൻ, സ്റ്റാഫ് സെക്രട്ടറി അനിൽ കുമാർ, സീനിയർ അസിസ്റ്റൻ്റ് ഗിരിജ എം പി, ഷീബ എം.ഐ, പ്രീന എൻ ജോസഫ്, ഗ്രേസി കുര്യൻ, സിലി ഐസക്ക്, സ്കൂൾ കൗൺസലർ ഹണി വർഗീസ്, പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി.പി, ജോമി, നോബിൻ, ബാബു പി.യു, അനു, അമ്മിണി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു കൃഷിയിറക്കിയത്.