നെയ്യാറ്റിൻകര : രാമേശ്വരത്ത് ഒന്നര വയസ്സുകാരി നെയ്യാറിൽ വീണ് മരിച്ചനിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര രാമേശ്വരം സ്വദേശി സജിൻ-ആതിര ദമ്പതികളുടെ മകൾ അനാമികയുടെ മൃതദേഹമാണ് സമീപത്തെ ആറ്റിൽ നിന്ന് കണ്ടെത്തിയത്.
നെയ്യാറ്റിന് തീരത്തെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അനാമികയെ ഉച്ചയ്ക്ക് 12 മണിമുതൽ കാണാതാവുകയായിരുന്നു. തുടർന്ന് നെയ്യാറ്റിൻകര പോലീസും ഫയർഫോഴ്സും നടത്തിയ തിരച്ചിലിൽ വീടിന് സമീപത്തെ കടവിൽനിന്ന് കുട്ടിയുടെ മൃതദേഹം ലഭിച്ചു.
കളിക്കുന്നതിനിടയിൽ കാൽവഴുതി അപകടം സംഭവിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം. നെയ്യാറ്റിൻകര മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
നെയ്യാറ്റിൻകര ഫയർ സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ രൂപേഷ് എസ് ബി , അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സി എസ് അജികുമാർ ബാബു എന്നിവരുടെ നേതൃത്വത്തിലാണ് സേന രക്ഷാ പ്രവർത്തനം നടത്തിയത്.