തിരുവനന്തപുരം : കേരള പോലീസിന്റെ കുറ്റാന്വേഷണചരിത്രത്തിലെ അത്യപൂർവമായ ഉത്ര വധകേസിന്റെ അന്വേഷണ മികവിന് അഞ്ചൽ പോലീസ് സ്റ്റേഷനിലെ എസ്. ഐ. ജെ ജോയിക്ക് കമൻ്റേഷൻ അവാർഡ് നല്കി ആദരിച്ചു. കാട്ടാക്കട താലൂക്കിലെ കാട്ടാക്കട ചാരുപാറ സ്വദേശിയാണ് ജെ ജോയി. ഡി.ജി .പി .അനിൽ കാന്താണ് അവാർഡ് നല്‍കിയത്.
കൊല്ലം .എസ്. പി . ഹരിശങ്കർ .സ്പെഷ്യൽ പബ്ലിക് പ്രൊസിക്യൂട്ടർ മോഹൻരാജ് എന്നിവരും ജോയിയെ അഭിനന്ദിച്ചിരുന്നു. സേവന മികവിന് ഇതാദ്യമായി അല്ല ജോയിക്ക് ആദരവും അനുമോദനവും. വകുപ്പിൽ നിന്നു ഗുഡ് സർവ്വീസ് എൻട്രിയും 2014- ൽ ഏറ്റവും മികച്ച ജനമൈത്രി പോലീസ് ഓഫീസർക്കുള്ള പുരസ്കാരവും ലഭിച്ചിരുന്നു. സ്വദേശമായ പൂവച്ചൽ സർക്കാർ ഹയർ സെക്കണ്ടറി സ്കൂളിലെ എസ് എം സി അംഗവുമാണ് ജോയ്. ഭാര്യ തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിലെ അധ്യാപികയായ സൂസൻ ജോയ്. ഏക മകൻ അമൽ വിദ്യാർത്ഥിയാണ്.
2020 മേയ് ഏഴിനാണ് അഞ്ചൽ ഏറം വെള്ളശേരിൽ ഉത്ര(25)യെ സ്വന്തംവീട്ടിൽ പാന്പ് കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് എഫ് .ഐ .ആർ .ഇൻക്വസ്റ്റ്. മഹസർ എന്നിവ തയ്യാറാക്കിയ ജോയി കേസിൻ്റെ തുടക്കം മുതൽ മേൽനോട്ടം വഹിച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഭർത്താവ് അടൂർ പറക്കോട് സ്വദേശി സൂരജ് (27) നെതിരെയുള്ള പരാവധി എല്ലാ തരത്തിലുള്ള തെളിവുകളും ശേഖരിച്ചു. ഒരിക്കൽ പോലും സൂരജിന് പശ്ചാത്താപമുണ്ടായിരുന്നില്ല.
ചോദ്യം ചെയ്യലിന്റെ ഒരു അവസരത്തിൽ പോലും തങ്ങൾ കൊണ്ടുവന്ന തെളിവിനേക്കാൾ സൂരജ് ഇങ്ങോട്ട് കുറ്റം സമ്മതിക്കാൻ തയ്യാറായിട്ടില്ല. ഇത്രയും നാളും കസ്റ്റഡിയിലായിരുന്നിട്ടും അയാൾക്കൊരു മനംമാറ്റം ഉണ്ടായില്ലെന്നാണ് ബോധ്യപ്പെട്ടത്. ശാസ്ത്രീയമായ തെളിവ് കൊണ്ടുവരുമ്പോൾ ആ ഭാഗം മാത്രം സമ്മതിക്കും. അതിന് ശേഷം അന്വേഷണത്തിന്റെ ഏറ്റവും അവസാനത്തിലാണ് കുറ്റം പൂർണ്ണമായും സമ്മതിക്കേണ്ടി വന്നത്.
ഇരട്ട ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എം.മനോജ് വിധിച്ചു. സൂരജ് ജയിലിൽ വാസത്തിലാണ്.
ആദ്യം പത്ത് വര്‍ഷവും പിന്നീട് ഏഴ് വര്‍ഷവും തടവിന് ശേഷമാണ് പ്രതി ഇരട്ടജീവപര്യന്തം തടവ് അനുഭവിക്കേണ്ടത്. അപൂർവങ്ങളിൽ അപൂർവമായ കേസെന്നാണ് കോടതി വിധി പ്രസ്താവത്തിൽ പറഞ്ഞത്. സൂരജിൻ്റെ പ്രായം കണക്കിലെടുത്തും കുറ്റവാളിയെ തിരുത്താനുള്ള സാധ്യത പരിഗണിച്ചുമാണ് കോടതി ഇരട്ടജീവപര്യന്തം ശിക്ഷ പ്രഖ്യാപിച്ചത്.