കൊരട്ടി : ലക്ഷങ്ങൾ വിലമതിക്കുന്ന ബി.എസ്.എന്‍.എല്‍ കേബിൾ മോഷ്ടിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ചാലക്കുടി വി.ആർ പുരം പുതുപറമ്പിൽ വീട്ടിൽ ബിനു ( 35 ) വിനെയാണ് കൊരട്ടി എസ്എച്ച്ഓ ബി.കെ. അരുണും സംഘവും അറസ്റ്റു ചെയ്തത്.
ഇക്കഴിഞ്ഞ ഞായറാഴ്ച്ച ഉച്ചയോടെ ബി.എസ്.എന്‍.എല്‍ എന്ന വ്യാജ ബോർഡ് വച്ച കാറിൽ മുരിങ്ങൂരിൽ വന്ന് ബാങ്കിനു സമീപം സൂക്ഷിച്ചിരുന്ന ഒരു ലക്ഷം വില വരുന്ന ഇന്റർനെറ്റ് കണക്ഷൻ നൽകുന്നതിനായി ഉപയോഗിക്കുന്ന കേബിൾ റോൾ ടിപ്പർ ലോറിയിൽ കയറ്റി കൊണ്ടുപോയി പ്രതിയുടെ വീടിനു സമീപം സൂക്ഷിച്ചു വരികയായിരുന്നു.
കേബിൾ മോഷണം പോയതിനെ തുടർന്ന് ബി.എസ്.എന്‍.എല്‍ എൻജിനിയർ കഴിഞ്ഞ ദിവസം കൊരട്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
മോഷണമുതൽ സ്ഥലത്തു നിന്നും കൊണ്ടുപോകാനായി ഉപയോഗിച്ച കാറ് , ജെസിബി, ടിപ്പർ എന്നീ വാഹനങ്ങൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ഏതാനും നാളുകൾ മുമ്പ് ബി.എസ്.എന്‍.എല്‍ വകുപ്പിൽ കരാർ ജീവനക്കാരനായി ജോലി ചെയ്തിരുന്ന പരിചയമാണ് ഇത്തരത്തിലൊരു മോഷണത്തിലേക്ക് തിരിഞ്ഞതെന്നും , മോഷ്ടിച്ച കേബിളിൽ നിന്നും ചെമ്പ് എടുത്ത് കോയമ്പത്തൂരിൽ കൊണ്ടുപോയി വിൽപ്പന നടത്താനായിരുന്നു പദ്ധതിയെന്ന് പ്രതി ചോദ്യം ചെയ്യലിൽ പോലീസിനോട് സമ്മതിച്ചതായും സമാന രീതിയിൽ കേബിൾ മോഷണം നടന്നതായ കേസുകളെ പറ്റിയും തുടർന്ന് അന്വേഷണം നടത്തുമെന്ന് എസ് എച്ച് ഓ പറഞ്ഞു.
അന്വേഷണ സംഘത്തിൽ എസ്ഐ മാരായ ഷാജു എടത്താടൻ, ഷിബു പോൾ, തോമസ്സ് എംവി, പോലീസുകാരായ സജീഷ് കുമാർ, നിതീഷ് കെഎം. ജിബിൻ വർഗ്ഗീസ് എന്നിവരടങ്ങായ സംഘമാണ് പ്രതിയെ പിടികൂടിയത്.