തിരുവനന്തപുരം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വിൽപ്പന നടത്തി അദാനിക്ക് കൈമാറുന്ന കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നടപടിക്കെതിരെ എഐടിയുസി ജില്ലാ കൗൺസിലിന്റെ നേതൃത്വത്തിൽ അർദ്ധരാത്രി സംഘടിപ്പിച്ച പ്രതിഷേധ ജ്വാല സിപിഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം ഉദ്ഘാടനം നിർവഹിച്ചു.
എൺപ്പത്തി ഒൻപത് വർഷത്തെ പാരമ്പര്യമുള്ള തിരുവനന്തപുരം വിമാനത്താവളം 1932 ൽ ചിത്തിര തിരുനാളിന്റെ കാലത്താണ് ആരഭിച്ചത്. രാജ്യത്തെ ഏറ്റവും മികച്ച അഞ്ച് വിമാനത്താവളങ്ങളിൽ ഒന്നാണ് തിരുവനന്തപുരം. കോടിക്കണക്കിനു തുകയും ഭൂമിയും സംസ്ഥാന സർക്കാർ ഉൾപ്പെടെ വിട്ടു നൽകിയാണ് വിമാനത്താവളം ആരംഭിച്ചത്.
വിമാനത്താവളത്തിന്റെ നിർമാണത്തിന്റെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെട്ട നിരവധി ജനങ്ങളോടുള്ള വെല്ലുവിളി കൂടിയാണ് കേന്ദ്ര സർക്കാരിന്റെ നിലവിലെ നിലപാട്. ഏറ്റവും മികച്ച വിമാനത്താവളത്തിനുള്ള പുരസ്കാരം രണ്ട് തവണ നേടിയതാണ് തിരുവനന്തപുരം വിമാനത്താവളം.
പ്രതിഷേധ ജ്വാലക്ക് എഐടിയുസി ജില്ലാ പ്രസിഡന്റ് സോളമൻ വെട്ടുകാട് അധ്യക്ഷത വഹിച്ചു. എഐടിയുസി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ സ്വാഗതം പറഞ്ഞു. എം ജി രാഹുൽ, കെ പി ശങ്കരദാസ്, പി എസ് നായിഡു, മനോജ് ഇടമന, നിർമ്മല കുമാർ, ഉല്ലാസ് കുമാർ, കടകംപള്ളി അജിത്, പാപ്പനംകോട് അജയൻ, ജയകുമാർ,ചന്ദ്രബാബു, കൊഞ്ചിറവിള ഗോപു, പി. ജെ. സന്തോഷ്, ശ്രീകുമാർ, കാലടി പ്രേമചന്ദ്രൻ, നവബുദീൻ, സലീം, ആൾ സെയിൻസ് അനിൽ, അശോകൻ തുടങ്ങിയവർ പങ്കെടുത്തു.