നെയ്യാറ്റിൻകര : പാറശ്ശാല താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ കൊവിഡ് വാക്സിനേഷൻ പ്രവർത്തനങ്ങൾ സി കെ ഹരീന്ദ്രൻ എംഎൽഎയുടെ നേതൃത്വത്തിൽ വിലയിരുത്തി.
പാറശ്ശാലനിയോജക മണ്ഡലത്തിൽ പാറശ്ശാല താലൂക്ക് ആസ്ഥാന ആശുപത്രി ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്ത് പൂഴനാട് കുടുംബ ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലായിരുന്നു വാക്സിനേഷൻ സെന്ററുകൾ ഒരുക്കിയിട്ടുള്ളത്.
കേരളത്തിൽ രണ്ട് കേന്ദ്രങ്ങളിലാണ് ടൂവേ കമ്മ്യൂണിക്കേഷൻ ഉൾപ്പെടെ കോവിഡ് വാക്സിനേഷൻ ഉദ്ഘാടന ചടങ്ങ് നടത്തിയിട്ടുള്ളത് അതിൽ ഒരെണ്ണം പാറശാല താലൂക്ക് ആസ്ഥാന ആശുപത്രി ആണ്.
കൊവിഡ് വാക്സിന് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ലോകത്തെവിടെയും ഇത്തരത്തിലുള്ള പകര്‍ച്ചവ്യാധികളെ നിയന്ത്രിക്കാനായത് പ്രതിരോധ കുത്തിവെപ്പിലൂടെയാണ്. വസൂരി, പോളിയോ, ഡിഫ്ത്തീരിയ, തുടങ്ങിയവയെ തടഞ്ഞുനിര്‍ത്തിയത് വലിയ ജനകീയ ക്യാമ്പയിനിലൂടെ മാസ്സ് വാക്സിനേഷന് നടത്തിക്കൊണ്ടാണ്. കൊവിഡിനെയും ഇത്തരത്തില്‍ നിയന്ത്രിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും എംഎൽഎ സൂചിപ്പിച്ചു.
പാറശ്ശാല താലൂക്ക് ആസ്ഥാന ആശുപത്രിയിൽ ആശുപത്രി സൂപ്രണ്ട് ഡോക്ടർ ഉണ്ണികൃഷ്ണൻ ആദ്യം വാക്സിനേഷൻ സ്വീകരിച്ചു. പാറശ്ശാല താലൂക്ക് ആസ്ഥാന ആശുപത്രിയിൽ കോവിഡ് വാക്സിനേഷൻ സ്വീകരിച്ച ആരോഗ്യ പ്രവർത്തകർക്ക് ജില്ലാ കളക്ടറുടെ പ്രശംസാപത്രം സി കെ ഹരീന്ദ്രൻ എംഎൽഎ കൈമാറി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ എസ് കെ ബെൻ ഡാർവിൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മഞ്ജു സ്മിത, ജനപ്രതിനിധികൾ ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.