മലയിൻകീഴ് : സുഭിക്ഷ കേരളത്തിനായി ജൈവസമൃദ്ധി സമഗ്ര കാർഷിക പദ്ധതിക്ക് മലയിൻകീഴ് പഞ്ചായത്തിൽ തുടക്കമായി. പഞ്ചായത്തിലെ മഞ്ചാടി വാർഡിലും ശ്രീകൃഷ്ണപുരം വാർഡിലും ഇടവിളകൃഷിക്കായുള്ള വിത്തുകൾ നട്ടു കൊണ്ട് ഐ.ബി.സതീഷ് എം.എൽ.എ പഞ്ചായത്ത്തല ഉദ്ഘാടനം നിർവ്വഹിച്ചു.
മലയിൻകീഴ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാധാകൃഷ്ണൻ നായർ, മുൻ പ്രസിഡന്റ് എസ്.ചന്ദ്രൻനായർ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിജയകുമാർ, മലയിൻകീഴ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ.എൻ.ബി പത്മകുമാർ, ഭൂവിനിയോഗ ബോർഡ് കമ്മിഷ്ണർ എ.നിസാമുദ്ദീൻ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ റീജ.എസ്.ധരൻ, മലയിൻകീഴ് കൃഷി ഓഫീസർ ശ്രീജ.എസ് എന്നിവർ പങ്കെടുത്തു.
പഞ്ചായത്തിലെ എല്ലാ വാർഡിലും ഇന്ന് ഇടവിള കൃഷി ആരംഭിക്കും. ജനകീയാസൂത്രണ പദ്ധതി പ്രകാരം കൃഷി ഭവൻ മുഖേനയാണ് അതാത് വാർഡുകളിലെ കർഷകർക്ക് ഇടവിള കൃഷിക്കുള്ള കിഴങ്ങ് വർഗ്ഗ വിത്ത് കിറ്റുകൾ നൽക്കുന്നത്. ചേന, ചേമ്പ്, കാച്ചിൽ, ചെറുകിഴങ്ങ്, മഞ്ഞൾ, ഇഞ്ചി തുടങ്ങിയവയുടെ വിത്തുകളാണ് ആദ്യഘട്ടമായി ലഭ്യമാക്കിയിട്ടുള്ളത്. ഭക്ഷ്യ സ്വയംപര്യാപ്തത ലക്ഷ്യമാക്കി സമഗ്രമായ കാർഷിക വിപ്ലവത്തിനാണ് കാട്ടാക്കട മണ്ഡലത്തിൽ ഇന്ന് തുടക്കമായത്. സുഭിക്ഷ കേരളത്തിനായി മണ്ഡലത്തിലാകെ 96.6 ഹെക്ടർ ഭൂമിയിലാണ് കൃഷി ആരംഭിക്കുന്നത്.
സുഭിക്ഷ കേരളത്തിനായ് കാർഷിക സ്വയംപര്യാപ്ത മണ്ഡലം എന്ന ലക്ഷ്യം സാധ്യമാകുംവിധം എല്ലാതരം കൃഷി രീതികളും അവലംബിച്ച് മണ്ഡലത്തിന് ആവശ്യമായ കാർഷിക ഉത്പനങ്ങൾ മണ്ഡലത്തിൽ തന്നെ ഉത്പാദിപ്പിക്കുന്നതിനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് ഐ.ബി.സതീഷ് എം.എൽ.എ അറിയിച്ചു.