ശാസ്താംകോട്ട: അര്‍ധരാത്രി വീട്ടില്‍ അതിക്രമിച്ച് കയറി പ്ലസ്ടു വിദ്യാര്‍ഥിനിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളായ ബസ് കണ്ടക്ടറും സുഹൃത്തുക്കളായ രണ്ട് ബസ് ജീവനക്കാരും പോലീസിന്റെ പിടിയിലായി. കുന്നത്തൂരില്‍ ശാസ്താംകോട്ട ആയിക്കുന്നം ചിരണിക്കല്‍ വീട്ടില്‍ അനന്ദു (23), സുഹൃത്തുക്കളായ പനപ്പെട്ടി സ്വദേശി രതീഷ്, പോരുവഴി കമ്ബലടി സ്വദേശി ഷാനവാസ് എന്നിവരാണ് മുതുപിലാക്കാട്ടു നിന്ന് അറസ്റ്റ് ചെയ്തത്. കുറ്റകൃത്യത്തിനുശേഷം പ്രതിക്കു രക്ഷപ്പെടാനുള്ള സൗകര്യം ഒരുക്കിയതിനാണ് സുഹൃത്തുക്കളെ പിടികൂടിയത്.
പോലീസ് പറയുന്നതിങ്ങനെ:-
കുന്നത്തൂര്‍ സ്വദേശിയായ വിദ്യാര്‍ഥിനിയുമായി കൊട്ടാരക്കര-ചവറ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിലെ കണ്ടക്ടറായ അനന്ദു പരിചയത്തിലാവുകയും തുടര്‍ന്നു പ്രണയത്തിലാവുകയുമായിരുന്നു. പിന്നീട് പെണ്‍കുട്ടി പ്രണയത്തില്‍ നിന്നു പിന്മാറിയതാണു പ്രതിയെ ആക്രമണത്തിന് പ്രേരിപ്പിച്ചത്.
അനന്ദു കൂട്ടുപ്രതികളുമായി ചേര്‍ന്നു കഴിഞ്ഞദിവസം പുലര്‍ച്ചെ ഒന്നരയോടെ പെണ്‍കുട്ടിയുടെ വീടിനു സമീപം ബൈക്കില്‍ എത്തുകയും വീടിനുള്ളില്‍ അതിക്രമിച്ച് കയറി പെണ്‍കുട്ടിയുടെ അടിവയറ്റില്‍ മാരകമായി കുത്തി പരുക്കേല്‍പ്പിക്കുകയുമായിരുന്നു. മൂന്നു പ്രാവശ്യം കുത്തേറ്റ കുട്ടിയുടെ നിലവിളി കേട്ടു മാതാപിതാക്കളും സഹോദരിയും ഓടിയെത്തിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു.
ഗുരുതര പരുക്കേറ്റ പെണ്‍കുട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തതിനെത്തുടര്‍ന്നു തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന കുട്ടിയെ വാര്‍ഡിലേക്ക് മാറ്റി. ശാസ്താംകോട്ട പോലീസ് ആശുപത്രിയിലെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പ്രതികളെ പെണ്‍കുട്ടിയുടെ കുന്നത്തൂര്‍ തോട്ടത്തുംമുറിയിലെ വീട്ടിലെത്തിച്ചു തെളിവെടുപ്പു നടത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
കൊല്ലം റൂറല്‍ എസ്.പി. ഹരിശങ്കറിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ കൊട്ടാരക്കര ഡിവൈ.എസ്.പി. എസ്.നാസറുദീന്‍, സി.ഐ. വി.എസ്. പ്രശാന്ത്, എസ്.ഐമാരായ എ.ഷുക്കൂര്‍, നാസറുദീന്‍, ഉദ്യോഗസ്ഥരായ എ.സി. ഷാജഹാന്, ശിവശങ്കരപ്പിള്ള, ബി.അജയകുമാര്‍, വിജയന്‍പിള്ള, കെ.കെ. രാധാകൃഷ്ണപിള്ള എന്നിവരടങ്ങിയ അനേ്വഷണ സംഘമാണു പ്രതികളെ പിടികൂടിയത്.